സന്തോഷം സൃഷ്ടിക്കുന്ന വിധം

Art, Culture, Life

സന്തോഷം സൃഷ്ടിക്കുന്ന വിധം


ആത്മം അപരത്തിൽ നഷ്ടപ്പെടുമ്പോഴാണോ സന്തോഷം ഉൽപ്പാദിപ്പിക്കപ്പെടുന്നത്? അതെ, എന്ന ഉത്തരമാണ് ഫെബ്രുവരി രണ്ട് മുതൽ അഞ്ച് വരെ കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്.

പെരുപ്പിച്ചെഴുതിയ 'അ' യുടെ അത്രമാത്രം വലുപ്പത്തിൽ ആളുകളെ ക്ഷണിച്ചുകൊണ്ട് ബീച്ച് റോഡിൽ കാക്കുന്ന സാഹിത്യോത്സവത്തിന്റെ കൊച്ചുബോർഡ്. ബോർഡ് കടന്നു ചെന്നാൽ നിങ്ങളെ സ്വീകരിക്കാൻ കച്ചകെട്ടിയെത്തുന്ന കോളജ് വിദ്യാർത്ഥികൾ, അദ്ധ്യാപകർ, സാംസ്‌കാരികപ്രവർത്തകർ, ഡി.സി. ബുക്‌സിലെ ജീവനക്കാർ- എല്ലാവരുടെയും കഴുത്തിൽ സപ്തവർണ്ണങ്ങളിലും പുഞ്ചിരി തൂകുന്ന വളണ്ടിയർ ബാഡ്ജുകൾ. കടപ്പുറമുറ്റത്തിന്റെ ഇടതുവശത്ത് ഫെസ്റ്റിവൽ എഴുത്തുകാരുടെ പുസ്തകപ്രദർശനവും ഒപ്പിടൽ കേന്ദ്രവുമാണ്. വലതുവശത്ത് രജിസ്‌ട്രേഷൻ കൗണ്ടറും സ്‌പോൺസർമാരുടെ സ്റ്റാളുകളും. ഓൺലൈൻ രജിസ്‌ട്രേഷനാകട്ടെ ഒന്നരമാസം മുമ്പ് തുടങ്ങിക്കഴിഞ്ഞതാണ്.

പുസ്തകപ്രദർശനശാലയിലേക്ക് പ്രിയപ്പെട്ട എഴുത്തുകാരുടെ സൃഷ്ടികൾ തെരഞ്ഞുകൊണ്ട് വായനക്കാർ അടിച്ചാർക്കുന്നു. കിറ്റുകളുമായി പുറത്തേക്ക് വരുമ്പോൾ അപ്രതീക്ഷിതമായി അവർ എത്തിച്ചേരുന്നത് കൃതികളിൽ ഹസ്താക്ഷരം ചാർത്തുന്ന തങ്ങളുടെ സ്വന്തം സാഹിത്യകാരന്മാരിലേക്കാണ്. ആനന്ദലഹരിക്കിനി എന്ത് വേണം?! ആവേശഭരിതമായ കൈകൊടുക്കലുകൾ, കെട്ടിപ്പിടിക്കലുകൾ, കുശലാന്വേഷണങ്ങൾ. 'എ' കഥയെയോ, 'ബി' കവിതയെയോ, 'സി' നോവലിനെയോ എന്തോരം ഇഷ്ടമാണെന്ന് വായനക്കാർ എഴുത്തുകാരോട് പറയുന്നു. രണ്ടുകൂട്ടരുടെയും അന്യോന്യപ്പെടുന്ന മിഴികളിലൂടെ സ്വസ്വത്വങ്ങൾ അപരസ്വത്വങ്ങളെ നുകരുന്നു. ആ പാരസ്പര്യത്തിലൂടെ കഥാപാത്രങ്ങളുടെ ജീവിതത്തിലേക്കും എഴുത്തുകാരും വായനക്കാരും സംക്രമണം ചെയ്യുകയാണ്. ഒടുവിൽ പുസ്തകത്തിൽ ഒപ്പിടുന്ന സാഹിത്യകാരനെ പശ്ചാത്തലമാക്കി സെൽഫികൾ നിരന്തരം മിന്നുന്നു.


Related Articles