ഭരതമുനിയുടെ 'നാട്യശാസ്ത്ര'ത്തെ നൃത്തം, ഗീതം, വാദ്യം എന്നിങ്ങനെ കലാപരമായ മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു കൃതിയായിട്ടല്ല കാണേണ്ടത്. വംശവും ഗോത്രവും ദേശവും ഭാഷയും ഭാഷയുടെ വ്യാകരണസിദ്ധാന്തങ്ങളും ചിത്രകലയും ശില്പകലയും വാസ്തുവും അങ്ങനെ വ്യത്യസ്തങ്ങളായ അനേക വിഷയങ്ങളെ നാട്യശാസ്ത്രം മുന്നോട്ടു വയ്ക്കുന്നു. അത് ചരിത്രവും സംസ്‌കാരവുമാണ്. അത് ആ വഴിക്ക് സംഭവിച്ച പരിണാമത്തിന്റെ അടയാളങ്ങൾ. അങ്ങനെ വ്യത്യസ്തങ്ങളായ വിഷയങ്ങളുടെ പരിപൂർണതയിലാണ് നാട്യശാസ്ത്രം അവതരണസൗന്ദര്യത്തെ സൃഷ്ടിക്കുന്നത്. ആ അവതരണസൗന്ദര്യം മനുഷ്യവർഗ്ഗത്തിന്റെ സൗന്ദര്യമാണ്. അതുകൊണ്ടുതന്നെ അത് മനുഷ്യവർഗ്ഗത്തിന്റെ ചരിത്രത്തെയും വർത്തമാനത്തെയും പരാമർശിക്കുന്നത് സ്വാഭാവികം. മനുഷ്യന്റെ ശക്തി മാത്രമല്ല അവന്റെ ദൗർബല്യവും നാട്യശാസ്ത്രം പറയുന്നു. അതു രണ്ടും നാട്യശാസ്ത്രത്തിന്റെ സൗന്ദര്യമാണ്.
ഭാരതീയസംസ്‌കാരത്തിന്റെ മുഖ്യധാരയിൽ എന്തും ദൈവത്തിൽ തുടങ്ങുന്ന ഒരു രീതിയുണ്ട്. ആയുർവേദമായാലും യോഗയായാലും കൃഷിയായാലും വാസ്തുവായാലും എന്തിന് രാഷ്ട്രീയംപോലും --അവയുടെയെല്ലാം മൂലം തേടി പോവുമ്പോൾ അത് ദൈവങ്ങളിലെത്തിച്ചേരുന്നു. സമൂഹത്തെ വിശ്വസിപ്പിക്കുക--സമൂഹത്തെ അനുസരിപ്പിക്കുക--അങ്ങനെ അനേകം പ്രവൃത്തിമണ്ഡലങ്ങൾ രൂപപ്പെടുത്തുക--അവയിലൂടെ സമൂഹത്തിന്റെ നിലനിൽപ്പും വളർച്ചയും സൃഷ്ടിക്കുക--ഇവയൊക്കെയാണ് ദൈവങ്ങളിലേക്കുള്ള യാത്രയുടെ പ്രായോഗികത. ആത്മീയതയിലൂടെ ഭൗതികതയുടെ പ്രായോഗികതലങ്ങളെ സൃഷ്ടിക്കുകയും അവയെ വളർത്തുകയും ചെയ്യുന്ന സാമൂഹികമനഃശാസ്ത്രരീതിയാണ് ഭാരതീയ സംസ്‌കാരത്തിന്റെ മുഖ്യധാരയിൽ കാണാൻ കഴിയുക. നാട്യശാസ്ത്രത്തിലും ഇതു വ്യക്തമായി കാണാൻ കഴിയും. ബ്രഹ്‌മാവ് ഋഗ്വേദത്തിൽനിന്ന് കഥാവസ്തുവും സാമവേദത്തിൽനിന്ന് ഗീതവും യജുർവേദത്തിൽനിന്ന് അഭിനയവും അഥർ വവേദത്തിൽനിന്ന് രസവും സ്വീകരിച്ചാണ് നാട്യശാസ്ത്രം രൂപപ്പെടുത്തിയതെന്നും അതാണ് ഭരതമുനിയെ പഠിപ്പിച്ചതെന്നും പറയുന്നിടത്ത് --ദൈവവുമായുള്ള നാട്യശാസ്ത്രബന്ധത്തെ കാണാൻ കഴിയുമെന്നതിനപ്പുറത്ത്--ആ പറച്ചിലിലെ യുക്തിയെയാണ് നാം കാണേണ്ടത്.
ചതുർവേദങ്ങളിൽ പ്രാപഞ്ചികമായ സർവ്വവും ഉൾക്കൊള്ളുന്നുയെന്നാണ് സങ്കല്പം. ആ ചതുർവേദങ്ങളിൽനിന്ന് നാട്യശാസ്ത്രം രൂപപ്പെട്ടു എന്നു പറയുമ്പോൾ നാട്യശാസ്ത്രം പ്രാപഞ്ചികമായ സർവ്വസ്വത്തെയും ഉൾക്കൊള്ളുന്നുയെന്നാണ് പറയുന്നത്. അങ്ങനെ പ്രേക്ഷകന്റെ മുന്നിലെത്തുന്ന അവതരണകല മനുഷ്യന്റെയും മനുഷ്യനുമായി ബന്ധപ്പെട്ട സർവ്വസ്വത്തിന്റെയും പ്രതിരൂപമായി മാറുകയാണ്. വേദവിദ്യകൾ പഠിക്കാൻ കഴിയാത്ത സാധാരണക്കാർക്ക് വിജ്ഞാനവും വിനോദവും ജനിപ്പിക്കുന്നതിനുവേണ്ടിയാണ് നാട്യശാസ്ത്രം രൂപപ്പെട്ടതെന്ന യാഥാർത്ഥ്യത്തെപ്പറ്റി ചിന്തിക്കുമ്പോൾ നാട്യശാസ്ത്രത്തിന്റെ ജനകീയതയാണ് നമുക്കു മുന്നിൽ വ്യക്തമാവുന്നത്.
