രതിസുഖത്തിന്റെ ആവിഷ്‌കാരങ്ങൾ

Art, Culture, Life

രതിസുഖത്തിന്റെ ആവിഷ്‌കാരങ്ങൾ


വിശ്വപ്രസിദ്ധനായ കാളിദാസൻ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ അനന്തസാധ്യതയെ സർഗപ്രതിഭകൊണ്ട് ആവോളം ആസ്വദിച്ച് ഉപയോഗിച്ച വ്യക്തിയാണ്. ഉത്സവഭൂമിയിൽ നിൽക്കുമ്പോഴുണ്ടാവുന്ന ആഹ്ലാദം അദ്ദേഹത്തിന്റെ സൃഷ്ടിപരമായ വിഷയചിന്തയിലും പ്രയോഗങ്ങളിലും അന്തർധാരയായി കാണാൻ കഴിയും. പുതിയ സമൂഹസൃഷ്ടിയുടെ പ്രഭാകിരണങ്ങൾ ഏത് വാതായനവും തള്ളിത്തുറന്ന് അകത്തേക്ക് എത്തിനോക്കാൻ ശ്രമിക്കുന്നത് കാളിദാസകൃതികളിൽ - പ്രത്യേകിച്ച് കുമാരസംഭവത്തിൽ നാം കാണുന്നു.

ഗുപ്തകാലഘട്ടം സൃഷ്ടിച്ച രാഷ്ട്രീയവും സാമൂഹികവുമായ മാറ്റം ഹിന്ദുമതത്തെയാകെ ഉടച്ചുവാർത്ത് നവജീവൻ നൽകിയ അന്തരീക്ഷത്തിലാണ് കാളിദാസൻ തന്റെ രചനാസ്വാതന്ത്ര്യം ഉപയോഗിക്കുന്നത്. ഗുപ്തകാലം ഹിന്ദുമതത്തിന്റെ തിരിച്ചുവരവിന്റെ കാലമായിരുന്നു. ഹിന്ദുമതത്തിന്റെ ജീർണതയുടെ പാരമ്യതയിൽ ഒരു പൊട്ടിത്തെറിയെന്നവണ്ണം രൂപപ്പെട്ട ജൈന-ബുദ്ധമതങ്ങൾ ഇന്ത്യൻ സമൂഹത്തിൽ വേരുറപ്പിക്കുകയും അധികാരരാഷ്ട്രീയത്തിലൂടെ വളർന്ന് ഹിന്ദുമതത്തെ അപ്രസക്തമാക്കുകയും ചെയ്ത പൂർവ്വകാലഘട്ടത്തെ ഓർമ്മയിൽ വെച്ചുകൊണ്ട് തന്നെയാണ് ഗുപ്തകാലം ഹിന്ദുമതത്തെ നവീകരിച്ചത്. അതുകൊണ്ടുതന്നെ ഹിന്ദുമതത്തിന്റെ ദർശനത്തിലും സാമൂഹികമായ ആചാരത്തിലും കാഠിന്യത്തിൽനിന്ന് ലാളിത്യത്തിലേക്കുള്ള മാറ്റം സംഭവിക്കുന്നു. മനുഷ്യന്റെ ഭൗതികാവശ്യങ്ങളെ നിഷേധിക്കുന്ന വൈരാഗ്യത്തിലൂടെ ആത്മസാക്ഷാത്കാരമെന്നതിന്റെ സ്ഥാനത്ത് വ്യക്തിയുടെ ഭൗതികാഗ്രഹങ്ങളെ ഉത്തേജിപ്പിക്കുന്നതിന് അനുരൂപമായി ദൈവങ്ങളുടെ നിർമ്മാണം സംഭവിക്കുന്നത് അങ്ങനെയാണ്. അത് പൂർവ്വകാലഹിന്ദുസംസ്‌കാരത്തിൽനിന്നും ജൈന-ബുദ്ധമത സംസ്‌കാരത്തിൽനിന്നും വ്യതിചലിച്ചുകൊണ്ടുള്ള കർമ്മപദ്ധതിയായിരുന്നു. അത് സാമൂഹികാചാരത്തിലും ശക്തമായി പ്രതിഫലിച്ചു. മിശ്രവിവാഹവും വിധവാപുനർവിവാഹവും സഞ്ചാരസ്വാതന്ത്ര്യവും സംഭവിക്കുന്ന സമൂഹം ഉണ്ടാവുന്നു. സതിപോലുള്ള ആചാരങ്ങൾ യാദൃച്ഛികമായി മാറ്റപ്പെടുന്നു. യാഥാസ്ഥിതികാചാരങ്ങളിൽ വിള്ളൽ വീഴുകയും വിമോചിതജനതയുടെ ശബ്ദം ശക്തിപ്പെടുകയും ചെയ്യുന്നു. സമൂഹത്തിന്റെ പുതുനിർമ്മാണപ്രക്രിയയിൽ സംഭവിക്കുന്ന സ്വാതന്ത്ര്യം ശരിക്കും അനുഭവപ്പെടുന്ന അന്തരീക്ഷം. അവിടെയാണ് കാളിദാസനെന്ന പ്രതിഭ ഉണ്ടാവുന്നത്.

വൈരാഗിയായ ശിവനിൽനിന്ന് ഭൗതികതാത്പര്യങ്ങളിൽ അഭിരമിക്കുന്ന സാധാരണ മാനുഷികഭാവത്തിലുള്ള ശിവനിലേക്ക് സംഭവിക്കുന്ന സഞ്ചാരത്തിന്റെ കഥയാണ് കാളിദാസൻ കുമാരസംഭവത്തിലൂടെ പറയുന്നത്. കുടുംബജീവിതം - അതുവഴി സമൂഹത്തിൽ രൂപപ്പെടുന്ന ഉത്തരവാദിത്വങ്ങളെ - നിർവഹിക്കാൻ പ്രാപ്തിയുള്ള പുതിയ തലമുറ ഉണ്ടാവേണ്ടുന്നതിന്റെ ആവശ്യകത - അതാണ് കുമാരസംഭവം മുന്നോട്ടുവയ്ക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ ചിന്ത. താരകാസുരൻ ദേവലോകത്ത് സൃഷ്ടിക്കുന്ന പ്രതിസന്ധിയെ അതിജീവിക്കാൻ ശിവപുത്രനായ കാർത്തികേയന്റെ ജനനം അനിവാര്യമായ ഘട്ടത്തിൽ ശിവ-പാർവ്വതിസംഗമം സമൂഹത്തിന്റെ പൊതു ആവശ്യമായി ഉയർത്തപ്പെടുന്നു. അധികാരം ഒരിക്കലും ഭൗതികതയെ മറന്ന് പ്രവർത്തിക്കരുതെന്ന സന്ദേശം ഇവിടെ വ്യക്തമാക്കപ്പെടുന്നുണ്ട്.


Related Articles