മാത്യു ആർനോൾഡ് (1822-1888) എന്ന വിക്ടോറിയൻ കവി പിറന്ന് ഒരു നൂറ്റാണ്ടിനുശേഷമാണ് എൻ.എൻ. കക്കാട് (1927-1987) എന്ന മലയാള കവിതയിലെ ആധുനികതയുടെ വക്താവ് ജനിക്കുന്നത്. ആർനോൾഡിന്റെ മരണശേഷം നൂറുകൊല്ലം തികയാറാകുമ്പോഴാണ് കക്കാട് ദിവംഗതനാകുന്നത്. ഒരു ശതാബ്ദത്തിന്റെ അന്തരം, പക്ഷേ അവരുടെ കവിതകളിൽ കണ്ടെന്നു വരില്ല. പ്രത്യേകിച്ചും ആർനോൾഡിന്റെ 'ഡോവർബീച്ചും' (Dover Beach) കക്കാടിന്റെ 'സഫലമീയാത്ര'യും ഒപ്പം ചേർത്തു വായിച്ചാൽ.
വ്യാവസായികവിപ്ലവവും, 'The Communist Manifesto' (1848) ഡാർവിന്റെ 'On The Origin of Species' (1859) എന്നീ ഗ്രന്ഥങ്ങളും പ്രസിദ്ധീകൃതമാകുന്നതും മറ്റും വിശ്വാസപ്രതിസന്ധിയിലേക്കു നയിച്ച കാലഘട്ടത്തിലാണ് ആർനോൾഡിന്റെ സാഹിത്യസൃഷ്ടി നടക്കുന്നതെങ്കിൽ, നഗരവത്കരണത്തിന്റെ കാപട്യത്തിന്റെ കാലത്തെ ചിത്രീകരിക്കുന്ന കവിതകളാണ് കക്കാടിന്റെ രചനകൾ. പൊള്ളയായ മുഖങ്ങൾ നിറഞ്ഞ, പരസ്പരവിശ്വാസംതന്നെ നഷ്ടോന്മുഖമാകുന്ന കാലമാണത്. സ്കൂൾ ഇൻസ്പെക്ടറായി ജോലിചെയ്ത് എഴുത്തുകാരനായ വ്യക്തിയാണ് ആർനോൾഡ്.
അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച്, ആകാശവാണിയിൽ നിറഞ്ഞ്, കവിയായിത്തീർന്നയാളാണ് കക്കാട്. തങ്ങൾ ജീവിക്കുന്ന കാലഘട്ടത്തിന്റെ വിഹ്വലതകളും ഉത്കണ്ഠകളും രണ്ടുപേരുടെയും കവിതകളിൽ പ്രതിഫലിച്ചുകാണാം.
