അന്താരാഷ്ട്ര നാടകോത്സവം ഒന്നര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഈ വർഷം നാടകോത്സവത്തിന്റെ വോയിസസ് ഇൻദ സൈലൻസ് എന്ന തീമിനോട് നീതിപുലർത്തുന്ന ഒരു അവതരണമാണ് ഇറ്റ് ഫോക്കിൽ അരങ്ങേറിയ"ലൂസിയ ജോയ്സ്: എ സ്മാൾ ഡ്രാമ ഇൻ മോഷൻ." സ്പാനിഷ് നൃത്ത-നാടക സംഘം കാർലിക് ഡാൻസ് തീയേറ്റർ ആണ് ഈ നാടകം അവതരിപ്പിച്ചത്. സ്പാനിഷ് കൊറിയോഗ്രാഫർ ക്രിസ്റ്റീന ഡി സിൽവീരയാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്.
ലോകപ്രശസ്ത ഐറിഷ് സാഹിത്യകാരനായ ജെയിംസ് ജോയ്സിന്റെ മകളായ ലൂസിയ ജോയ്സിന്റെ ജീവിതവും കലാപരമായ സ്വപ്നങ്ങളും കേന്ദ്രീകരിച്ചാണ് 70 മിനിറ്റ് ദൈർഘ്യമുള്ള ഈ നാടകം രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്.
ലൂസിയ അസാമാന്യ പ്രതിഭയുള്ള ഒരു നർത്തകി ആയിരുന്നു. എന്നാൽ സാഹിത്യത്തിന് മുൻഗണന നൽകിയിരുന്ന സമൂഹത്തിൽ അവൾ നിരന്തരം അവഗണിക്കപ്പെടുകയും വിവേചനം നേരിടുകയും ചെയ്തു. ഇടം നേടാൻ അവസരം നഷ്ടപ്പെട്ട ലൂസിയയുടെ നിശബ്ദമാക്കപ്പെട്ട ശബ്ദം നാടകത്തിലൂടെ കേൾക്കാം.
