ഒരു നൃത്താവതരണത്തെ നല്ലത് എന്ന് പറയുന്നത് എന്തുകൊണ്ടാണ്? നർത്തകി നന്നായി നൃത്തം അവതരിപ്പിച്ചു എന്നതുകൊണ്ടാണോ? ആ നൃത്തം നമ്മുടെ മനസ്സിനെ സ്വാധീനിച്ചതുകൊണ്ടാണോ? ആണെങ്കിൽ മനസ്സിലേക്ക് നൃത്തം എങ്ങനെ എത്തുന്നു? നർത്തകിയുടെ രംഗസാന്നിദ്ധ്യം മാത്രമാവില്ല ഒരു പ്രേക്ഷകനിലേക്ക് നൃത്തമെത്താനുള്ള വഴി? നല്ല നർത്തകി നല്ല സംഗീതത്തെയാണ് ദൃശ്യവൽക്കരിക്കുന്നത്. നർത്തകിയിലൂടെ നല്ല സംഗീതം നാം കാണുന്നു. അപ്പോൾ സംഗീതത്തിനും നൃത്താവതരണത്തോളംതന്നെ പ്രാധാന്യമുണ്ട്. സംഗീതത്തിലൂടെയാണ് നാം നൃത്തത്തെ കാണുന്നത് എന്നും പറയാം. ശ്രുതിശുദ്ധമായ സംഗീതമാർഗ്ഗത്തിലൂടെയാണ് നൃത്തം സഹൃദയന്റെ മനസ്സിൽ എത്തിപ്പെടുന്നത്.
നല്ല നൃത്തത്തിൽ ശുദ്ധമായ ശാസ്ത്രീയസംഗീതം കൂടിയേതീരൂ. പാട്ടിന്റെ നിലവാരം നന്നാവുന്തോറും നൃത്തത്തിന്റെ രസാനുഭവം വർദ്ധിക്കുന്നു. പാട്ടും നൃത്തവും ഒന്നാകും. അങ്ങനെ നൃത്തം വേറിട്ടുനിൽക്കാതെ സംഗീതത്തോട് ലയിക്കും. അതൊരു സംഗീതക്കാഴ്ചയായി മാറും. ശാസ്ത്രീയനൃത്തത്തിനുവേണ്ടി പാടുകഎന്നത് നിസ്സാരമായ ഒരു കാര്യമല്ല. ശാസ്ത്രീയസംഗീതത്തിലുള്ള അവഗാഹം മാത്രം പോരാ അതിന്. നൃത്തം ആസ്വദിക്കാനും മനസ്സിലാക്കാനും പറ്റണം. നൃത്തത്തെയും നർത്തകിയുടെ ഭാവനാശീലങ്ങളെയും അറിയണം. നിരന്തരമായ നൃത്താവതരണക്കാഴ്ചകളിലൂടെയും നൃത്തപരിശീലനസമയത്തു നടക്കുന്ന ക്രിയാത്മക സംവാദത്തിലൂടെയും കിട്ടുന്ന നേരറിവുകളെയാണ് സംഗീതകാരൻ തന്റെ ഗാനാലാപനത്തിനുവേണ്ടി പ്രയോജനപ്പെടുത്തുന്നത്.
വായ്പ്പാട്ടുകാരൻ തന്റേതായ സംഗീതപരിചയരീതിയിലാവും നൃത്തത്തെ സമീപിക്കുക. താൻ ഇടപഴകിയ ഗാനസമ്പ്രദായത്തെ അയാൾ നർത്തകിയുടെ ആവശ്യാനുസരണം ഒന്നു മാറ്റിയെടുക്കും. നൃത്തത്തിലെ അടിസ്ഥാനഭാവം ഉൾക്കൊണ്ട് നർത്തകിയുടെ നർത്തനശൈലിയോട് ഏറ്റവും ഇണങ്ങുന്ന തരത്തിൽ ആലാപനം നടത്താൻ അയാൾ ശ്രമിക്കുന്നു. ഒരു പ്രത്യേക കഥാസന്ദർഭത്തെയാണ് നർത്തകി അവതരിപ്പിക്കുന്നതെങ്കിൽ കഥയിലെ ഓരോ കഥാപാത്രങ്ങളുടെ സ്വഭാവപരിണാമങ്ങൾ കൂടി തിരിച്ചറിഞ്ഞ് അതിനനുസരിച്ച് വേണ്ട മാറ്റങ്ങൾ തന്റെ സംഗീതത്തിലും വരുത്താൻ വായ്പ്പാട്ടുകാരൻ തയ്യാറാകേണ്ടതുണ്ട്. ഈ മാറ്റത്തെ ഉൾക്കൊള്ളുന്ന മനസ്സും നിരുപാധികമായ കലാസമർപ്പണവും സഹജമായ കലാവാസനയും ഗായകനുണ്ടാകണം. നൃത്താവതരണപരിചയം ഗായകനിലെ ക്രിയാത്മക വ്യവഹാരത്തെ ക്രമേണ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കും.
