പൈതൃകം എന്ന പദത്തിന് സുദീർഘചരിത്രമുണ്ട്. സംസ്കാരപൈതൃകപഠനം പക്ഷേ, തികച്ചും പുതിയ പരികല്പനയും വിജ്ഞാനപദ്ധതിയുമാണ്. സൂക്ഷ്മമായി പറഞ്ഞാൽ ആധുനികാനന്തരതയുടെ ഉത്പന്നമായ ഒരു വിജ്ഞാനപദ്ധതി. അവ്യാകൃതവും നിരന്തരപരിണാമിയുമായ മനുഷ്യജീവിതവ്യവഹാരങ്ങൾ എന്ന ചരിത്രംതന്നെയാണ് ഇതിന്റെ മേഖല. ഈയർഥത്തിൽ, ഊറിക്കൂടിയ ചരിത്രമാണ് പൈതൃകം എന്നുവരുന്നു. ജനത എന്ന നിലയിൽ മനുഷ്യരെ സാമൂഹികമായി ഇണക്കിച്ചേർക്കുന്ന ഭാവനാബന്ധമെന്ന് അതുകൊണ്ട് പൈതൃകത്തെ വിളിക്കാം. അനുഭൂതിരൂപത്തിലാണതു പ്രവർത്തനക്ഷമമാവുക. ചുരുക്കത്തിൽ, അനുഭൂതിരൂപത്തിൽ സംക്രമിക്കുന്ന സാന്ദ്രീഭൂതചരിത്ര (sedimented history) മാണ് പൈതൃകം. വർത്തമാനസന്ദർഭത്തിൽ, പൈതൃകവിജ്ഞാനം, അതുകൊണ്ട് ഭൗതികവസ്തുക്കളില്ല. ഭൗതികവസ്തുക്കളിൽനിന്നു സംവേദനസംഭവം എന്ന നിലയിലേക്ക് അത് പരിണമിച്ചുകഴിഞ്ഞു. അറിവും അനുഭൂതിയും പ്രകടമാകുന്ന ചരിത്രത്തിന്റെ വഴിയാണിത്. സംവേദനപ്രകടമാണ് ഈയർഥത്തിൽ പൈതൃകം. അതിൽ മനുഷ്യാനുഭൂതികളുടെയും ഭാവനയുടെയും ഗാഢലോകം പ്രവൃദ്ധമാകുന്നുണ്ട്. മനുഷ്യസർഗാത്മകതയുടെ വിളിപ്പേരാണ് സൂക്ഷ്മാർഥത്തിൽ ഭാവന. മനുഷ്യരെ ആത്മശില്പികളാക്കിത്തീർക്കുന്ന ഈ ഭാവന ഭക്ഷിച്ചു ജീവിക്കുന്ന ജന്തു (species)ക്കളാണ് മനുഷ്യർ എന്നു പറയാം. ഭാവനകൊണ്ടു മനുഷ്യൻ ചമച്ച ലോകമാണ് മാനുഷ്യകം. നാം ഭക്ഷിച്ചുവളരുന്ന, നമ്മുടെ രക്തവും ശരീരവും നാം തന്നെയുമായിത്തീരുന്ന അനുഭൂതികളുടെ ഈ സൂക്ഷ്മലോകത്തെ സംസ്കാരപൈതൃകം എന്നു വിളിക്കാം. അതു ജനതയെയും ദേശരാഷ്ട്രങ്ങളെയും നിർമിച്ചുകൊണ്ടേയിരിക്കുന്ന വ്യവഹാരമാണ്. അതുകൊണ്ട് തന്മാനിർമാണയുക്തിയായി വർത്തിക്കുന്ന സംവേദനസംഭവമാണ് സംസ്കാരപൈതൃകം.
സമകാലികപൈതൃകപഠനം
പൈതൃകപഠനം പഴയ വിജ്ഞാനപദ്ധതിയാണ്. ക്ലാസിക്കൽ ചരിത്രപഠനത്തിൽ അതുണ്ടായിരുന്നു. ക്ലാസിക്കൽ ചരിത്രപഠനത്തിൽ അത് സ്മാരകങ്ങളെയും പുരാവസ്തുക്കളെയും സംസ്കാരത്തിലെ മറ്റ് എടുപ്പുകളെയും സൂചിപ്പിക്കുന്നതായിരുന്നു. യുനെസ്കോയും ഈ വഴിക്കാണ് പൈതൃകത്തെ ആദ്യകാലത്ത് മനസ്സിലാക്കി നിർവചിച്ചത്. അതോടെ, കാണുന്നതും കാണാത്തതുമായ പൈതൃകങ്ങൾ എന്ന വിഭജനവുമുണ്ടായിത്തീരുന്നു ദൃശ്യം, അദൃശ്യം, സ്പർശ്യം, അസ്പർശ്യം എന്നീ വിളിപ്പേരുകൾ ഉണ്ടായിത്തീരുന്നതങ്ങനെയാണ്; പൈതൃകം അവിടെയെല്ലാം വസ്തുക്കൾ ആയിരുന്നു; മൂർത്തത അതിന്റെ സ്വഭാവവും.
