കിഷാനോയുടെ മതിഭ്രമങ്ങൾ

Art, Culture, Life

കിഷാനോയുടെ മതിഭ്രമങ്ങൾ


നാനൂറാം വാർഷികം ആഘോഷിക്കുന്ന വിഖ്യാത സ്പാനിഷ് നോവലായ ഡോൺ കിഹോത്തെയുടെ കഥകളിയാവിഷ്‌കാരം പുതുക്കാലത്തെ ഉദ്യമങ്ങളിൽ പലതുകൊണ്ടും അവതരണക്ഷമത പുലർത്തുന്നു. സ്‌പെയിനിൽ ഒരു ഡസനിലധികം വേദികളിൽ ഇപ്പോൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കഥകളിയുടെ അരങ്ങേറ്റം ജൂലായ് നാലിന് തിരുവനന്തപുരത്തു നടന്നു.

വായിച്ചുവായിച്ചു വട്ടാകുക എന്നൊരു പ്രയോഗമുണ്ടല്ലോ. സ്‌പെയിനിലെ സാധാരണ കർഷകനായിരുന്ന അലോൺസോ കിഷാനോയ്ക്ക് അക്ഷരാർത്ഥത്തിൽ സംഭവിച്ചത് അതാണ്. മദ്ധ്യകാലയൂറോപ്പിലെ പോരാളികളായ മാടമ്പിമാ (knights)രുടെ വീരകഥകൾ വായിച്ചുവായിച്ച് താനും അവരിലൊരാളാണെന്നു സ്വയം സങ്കല്പിച്ചു. മാടമ്പിത്തമുള്ള ഒരു പേരൊക്കെ ഇട്ടു ഡോൺ കിഹോത്തെ. ചാവാലിക്കുതിരയ്ക്കുമിട്ടൂ ഒരു തകർപ്പൻ പേര് റോസിനാന്റെ. അനീതികൾക്കെതിരെ, ദുഷ്ടശക്തികൾക്കെതിരെ പോരാടാൻ അയാൾ ഇറങ്ങിപ്പുറപ്പെടുകയാണ്. മർദ്ദകരായ ഭൂപ്രഭുക്കളോടും രാക്ഷസരോടും ഒക്കെ ഏറ്റുമുട്ടിയുള്ള സംഭവബഹുലമായ യാത്ര! എല്ലാ മാടമ്പിമാർക്കും ഉള്ളതുപോലെ സുന്ദരിയായ ഒരു റോയൽ കാമുകിയുമുണ്ട് ഇദ്ദേഹത്തിന്. അതും സങ്കല്പത്തിലാണെന്നുമാത്രം. പേര് ദോൾസീനിയ. സങ്കല്പമായാലെന്ത്, ശൃംഗാരത്തിനും വകുപ്പായല്ലോ. കഥകളി കൊഴുക്കാൻ വേണ്ടതെല്ലാം ആയി എന്നർത്ഥം. പോരാത്തതിന്, മതിഭ്രമം ബാധിച്ച നായകൻ ചെന്നുചാടുന്ന അബദ്ധങ്ങളും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും കൂത്തിലെ വിദൂഷകവേഷത്തിൽ അരങ്ങിലെത്തുന്ന മണ്ടനായ അനു ചരൻ സാഞ്ചോ പാൻസ ഉടനീളം കാട്ടുന്ന കോമാളിത്തരങ്ങളും പതിവുകളികളുടെ ആസ്വാദനത്തിനപ്പുറം പ്രേക്ഷകരെ രസിപ്പിക്കും. കിഹോത്തേയുടെ സങ്കല്പത്തിൽ രാക്ഷസന്മാരായി മാറുന്ന കൂറ്റൻ കാറ്റാടിയന്ത്രങ്ങളും സിംഹവും കിഷാനോയ്ക്കായി രൂപകല്പന ചെയ്ത, യൂറോപ്യൻ വേഷത്തെ അനുസ്മരിപ്പിക്കുന്ന, ഉടുത്തുകെട്ടും തൊപ്പിയുമൊക്കെ പതിവിൽനിന്നു വേറിട്ട പരീക്ഷണങ്ങളാണ്. കുതിരപ്പുറത്തിരുന്നുള്ള കുന്തപ്പയറ്റും പുതുമയുള്ളതാണ്. ഇതെല്ലാം പുതിയ ആസ്വാദകരെ കഥകളിയിലേക്ക് അടുപ്പിക്കാനും സഹായിക്കും.

അത്യാവശ്യം കളിക്കപ്പെടുന്ന കൃഷ്ണലീല ആട്ടക്കഥ എഴുതിയ തഴക്കത്തോടെ ഡോ: പി. വേണുഗോപാലനാണ് ഡോൺ കിഹോത്തെ (Don Quixote) എന്ന ബൃഹത്തായ സ്പാനിഷ് നോവലിൽനിന്ന് കഥകളിക്കു പറ്റിയ മുഹൂർത്തങ്ങൾ കണ്ടെടുത്ത് ആട്ടക്കഥ രചിച്ചത്. മാർഗിയുടെ സൗകര്യങ്ങളിൽ നെല്ലിയോടു വാസുദേവൻ നമ്പൂതിരിയും കലാമണ്ഡലം പ്രദീപും മാർഗി വിജയകുമാറും പത്തിയൂർ ശങ്കരൻകുട്ടിയും കലാമണ്ഡലം കൃഷ്ണദാസും മാർഗി രത്‌നാകരനും മാർഗി രവീന്ദ്രൻ പിള്ളയും ഒക്കെ ചേർന്നു പാട്ടും ചിട്ടയും ചുട്ടിയുമെല്ലാം ഒരുക്കിയപ്പോൾ പ്രതീക്ഷ പകരുന്ന മിഴിവുറ്റ ഒരു സൃഷ്ടിയായി അതു മാറി. ഇവയ്‌ക്കൊപ്പം കഥയിലെ പുതുമയും വേഷങ്ങളിലും അവതരണത്തിലും ഉള്ള പുതുമകളുംകൊണ്ട് കഥകളിയാസ്വാദകർക്ക് ഡോൺ കിഹോത്തെ പ്രിയപ്പെട്ടതാകും. കൂടുതൽ അവതരണത്തിനുള്ള ആവശ്യം അതുയർത്തും.


Related Articles