കഥകളിഭ്രാന്തന്മാരെ അക്ഷരാർഥത്തിൽ ഭ്രമിപ്പിച്ച ഒരു സംഗമം ജനുവരി 15-ന് ഗുരുവായൂർ ക്ഷേത്രത്തിലെ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ നടന്നു. ശ്രേഷ്ഠരായ ഗുരുക്കന്മാരും ആശാന്മാരും അണിനിരന്ന നാല് കഥകളികൾ. സന്താനഗോപാലം, സുഭദ്രാഹരണം, രുഗ്മിണീസ്വയംവരം, ദുര്യോധനവധം എന്നീ കളികളിൽ അണിനിരന്നത് ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, മടവൂർ വാസുദേവൻ നായർ, കലാമണ്ഡലം ഗോപി, വാസുപിഷാരടി, നെല്ലിയോട് വാസുദേവൻ നമ്പൂതിരി, കോട്ടക്കൽ ചന്ദ്രശേഖരവാരിയർ, സദനം കൃഷ്ണൻകുട്ടി, മാത്തൂർ ഗോവിന്ദൻകുട്ടി, വാഴേങ്കട വിജയൻ, കലാമണ്ഡലം ബാലസുബ്രഹ്‌മണ്യൻ, കാവുങ്ങൽ ദിവാകരപണിക്കർ, മാർഗി വിജയകുമാർ എന്നീ പല തലമുറകളിലെ പ്രഗല്ഭരായ നടന്മാർ. ഒപ്പം, മാടമ്പി സുബ്രഹ്‌മണ്യൻ നമ്പൂതിരി മുതലുള്ള പാട്ടുകാരും മേളക്കാരും ചുട്ടിക്കാരും.
ഈ കഥകളികൾ സ്‌പോൺസർ ചെയ്തത് കേരളത്തിലെ പ്രമുഖ വ്യവസായിയായിരുന്നു. ഒരു വ്യവസായി കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കലാകാരന്മാർ അണിനിരക്കുന്ന കഥകളി സ്‌പോൺസർ ചെയ്യുന്നതിൽ പ്രത്യക്ഷത്തിൽ അപകടം തോന്നേണ്ടതില്ല; പ്രത്യേകിച്ച് ആടുന്നവർക്കും ആട്ടം കാണുന്നവർക്കും. എന്നാൽ, കേരളീയകലയുടെ പ്രാതിനിധ്യത്തിലേക്ക് ഉയർത്തപ്പെട്ട കഥകളിക്ക് സംഭവിക്കുന്ന പരിണാമവുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ അതിൽ വലിയ അപകടങ്ങൾ പതിയിരിക്കുന്നതായി കാണാം. ഗുരുവായൂരിലെ സ്‌പോൺസേഡ് ആട്ടം ഇത്തരം അപകടങ്ങളാൽ സമ്പന്നമായിരുന്നു.
അവ എന്താണെന്ന് നോക്കാം. ഒന്ന്, മേൽപ്പറഞ്ഞ കലാകാരന്മാർ അതിഗംഭീരമായി വിസ്തരിച്ചാടിയിട്ടുള്ളതാണ് ഈ നാലുകഥകളും. എന്നാൽ, ഗുരുവായൂരിൽ ആസ്വാദകർക്ക് ലഭിച്ചത്, ഭ്രമശമനത്തിനുള്ള വെറും കാപ്‌സ്യൂൾ മാത്രമായിരുന്നു. ഓരോ കഥയിലും പ്രധാന നടന്മാർക്ക് അൽപസമയം വിട്ടുകൊടുത്തുകൊണ്ട് ഒരു കാട്ടിക്കൂട്ടൽ. നളചരിതം രണ്ടാംദിവസത്തെ നളൻ കഴിഞ്ഞാൽ ഒരുപക്ഷേ, കലാമണ്ഡലം ഗോപിയുടെ ഏറ്റവും സൗന്ദര്യമുള്ള വേഷമെന്ന് വിലയിരുത്താവുന്ന ബലഭദ്രന്റെ അത്യാകർഷക 'വേഷം' മാത്രമായിരുന്നു അരങ്ങിൽ. രുഗ്മിണീസ്വയംവരത്തിലെ ബ്രാഹ്‌മണായ മാത്തൂർ ഗോവിന്ദൻകുട്ടിമാത്രമാണ് ലഭിച്ച തുച്ഛസമയത്തെ ഏറ്റവും സർഗാത്മകമായി മാറ്റിയത്.
