ചാരുലതകൾ ദൂരദർശിനികൾ

Art, Culture, Life

ചാരുലതകൾ ദൂരദർശിനികൾ


ധുനികലോകം പ്രകാശത്തിന്റെ വിനിമയവും നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് അതിന്റെ വ്യവഹാരങ്ങളേറെയും ചിട്ടപ്പെടുത്തിയിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് മനുഷ്യവംശം യാന്ത്രികമായും ആശയപരമായും വെളിച്ചത്തിന്റെ പാതയിലേക്ക് പൂർണ്ണമായി നയിക്കപ്പെട്ടത്. കാഴ്ചകളുടെ വൈവിദ്ധ്യപൂർണ്ണമായ ലോകങ്ങൾ യന്ത്രസഹായത്താൽ തുറക്കപ്പെട്ടു. വെറും കണ്ണുകൾക്ക് കാണാനാവാത്തത് ദൂര/സൂക്ഷ്മദർശിനികൾ കാട്ടിത്തരുമെന്നായി. അകലങ്ങൾ അസാധു വാക്കപ്പെട്ടു. ഫോട്ടോഗ്രാഫി, സംഭവങ്ങളെ സ്ഥലകാലങ്ങളിൽനിന്ന് മുക്തമാക്കി. ഇന്ന് പ്രകൃതിയായി നാമറിയുന്നതെല്ലാം പ്രകാശത്തോടുള്ള പ്രതികരണങ്ങൾ മാത്രമാണ്. അതേപ്രകാശരാജിതന്നെയാണ് സംസ്‌കാരത്തിന്റെ തലങ്ങളും ദൃശ്യമാക്കുന്നത്.

വെളിച്ചത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് മനുഷ്യൻ നിർമ്മിച്ചെടുത്ത പ്രധാന ഉപകരണങ്ങളിൽ ഒന്ന് ടെലസ്‌കോപ്പ് ആണ്. പ്രപഞ്ചമാകെ കാണാൻ ടെലസ്‌കോപ്പുകൾ തുറന്നുവയ്ക്കപ്പെട്ടത് പതിനേഴാം നൂറ്റാണ്ടുമുതലും. അതോടെ പ്രപഞ്ച വിജ്ഞാനീയത്തിന്റെ അടിസ്ഥാനങ്ങൾ മാറ്റിയെഴുതപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടിൽ പ്രകാശവുമായി ബന്ധപ്പെട്ട രണ്ടുപകരണങ്ങൾകൂടി കണ്ടുപിടിക്കപ്പെട്ടു. ഫോട്ടോഗ്രാഫിക്ക്യാമറയും ബയസ്‌കോപ്പും ആയിരുന്നു അവ. അക്കാലത്തുതന്നെ വ്യാപകമായ കാലിഡോസ്‌കോപ്പുകൾ കാഴ്ചയുടെ വർണ്ണ വൈവിദ്ധ്യങ്ങളെ സൂചിപ്പിക്കാനുള്ള രൂപകപദമായി പിന്നീട് മാറി. ടെലസ്‌കോപ്പുകൾ യാത്രികരുടെയും പുതിയ ദേശങ്ങൾ വെട്ടിപ്പിടിക്കുന്നവരുടെയും ഉപകരണമായി. ബയസ്‌കോപ്പുകൾ കാഴ്ചയുടെയും നോട്ടങ്ങളുടെയും ലോകം ചലനാത്മകമാക്കി. 1900-ൽ പുറത്തിറങ്ങിയ ഒരുമിനുട്ടിൽ താഴെദൈർഘ്യമുള്ള As Seen Through a Telescope എന്ന സിനിമയിൽ ടെലസ്‌കോപ്പിക്കാഴ്ചയുടെ ക്ലോസപ്പ് സാദ്ധ്യതകൾ അവതരിപ്പിക്കുന്നുണ്ട്. മറ്റൊരർത്ഥത്തിൽ അതൊരു ഒളിഞ്ഞുനോട്ടത്തെയും കാണിച്ചുതരുന്നു. വെളിച്ചവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ യന്ത്രങ്ങളെല്ലാം ചേർന്നാണ് ആധുനികത എന്ന ആശയത്തിന് തെളിച്ചമേകിയത്. സിനിമയെന്നാൽ വെളിച്ചം ആഗിരണംചെയ്യുന്ന ഒരു യന്ത്രവും വെളിച്ചം പ്രസരിപ്പിക്കുന്ന മറ്റൊരുയന്ത്രവും തമ്മിലുള്ള വിനിമയത്തിന്റെ പേരുമാണ്.

കാഴ്ചയുടെ ആധികാരികരേഖകളിലൊന്നായി ഫോട്ടോഗ്രാഫി അതിവേഗം അംഗീകരിക്കപ്പെട്ടു. എന്നാലത് യാഥാർത്ഥ്യത്തിന്റെ ഭാഗികദർശനമോ അയഥാർത്ഥ്യംപോലുമോ ആയിത്തീരാം. ഒരു കഥയുടെ/സംഭവത്തിന്റെ ഭംഗപ്പെടുത്തലാണ് ഓരോ ഫോട്ടോയും. ഒരുകാലത്ത് ഇപ്രകാരം സംഭവിച്ചു എന്ന ഫോട്ടോഗ്രാഫറുടെ കാഴ്ചയാണത്. സത്യജിത്‌റേയുടെ ചാരുലത (1964) എന്ന സിനിമയുടെ അവസാനരംഗം വിദൂര/സമീപദൃശ്യങ്ങളായ ഒന്നിലേറെ ഫോട്ടോകൾകൊണ്ടാണ് രൂപപ്പെടുത്തിയത്. ചിത്രത്തിൽ മൂന്ന് പേരുണ്ടെങ്കിലും അതിലൊരാളുടെയും കാഴ്ചപ്പാടിലുള്ള ഫോട്ടോകളല്ല അത്. ഭൂപതിക്കും ചാരുലതയ്ക്കും നടുവിൽ ഉറപ്പിക്കപ്പെട്ട ക്യാമറ അവരുടെ കൂട്ടിത്തൊടാത്ത കൈകളെ ത്തന്നെയാണ് ഫോക്കസ്‌ചെയ്യുന്നത്. മൂവരെയും വേറെവേറെ കാണിച്ചശേഷം രണ്ടുപേരിലേക്കും പിന്നീട് മൂന്നുപേരിലേക്കും പശ്ചാത്തലങ്ങളിലേക്കുമായി വികസിക്കുന്ന ചിത്രങ്ങളുടെ ഒരു ശൃംഖലയാണത്. കാര്യങ്ങൾ തീരുമാനിക്കുന്ന ക്യാമറയുടെ കണ്ണുകൾ പിന്നിൽ നിൽക്കുന്ന വേലക്കാരനെക്കൂടി ഫ്രെയിമിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചലനദൃശ്യത്തിൽ ഭൂതവും ഭാവിയും ഒഴുക്കിന്റെ രണ്ടറ്റങ്ങളാണെങ്കിൽ നിശ്ചലദൃശ്യത്തിൽ അവശേഷിപ്പിക്കപ്പെടുന്ന സാധ്യതകളിലൊന്ന് അസന്നിഹിതമായ ഭൂതഭാവികളെക്കുറിച്ചുള്ള ഭാവനയാണ്. ഭൂതകാലം അതുവരെയുള്ള സിനിമാ ദൃശ്യങ്ങളിലുണ്ട്. ഭാവികാലമാണ് പ്രേക്ഷകന് പൂരിപ്പിക്കാനുള്ളത്. നോട്ടങ്ങളുടെ ഭാരം ചാരുലതയിൽനിന്നെടുത്തുമാറ്റി പ്രേക്ഷകന് പൂർണ്ണമായും നൽകിയാണ് സിനിമ അവസാനിക്കുന്നത്.


Related Articles