സർവജ്ഞനായ എഴുത്തുകാരൻ കൃതിയിൽ നിറച്ചൊതുക്കിയ അർത്ഥം കണ്ടെത്തി ഉടമസ്ഥതാവകാശം സ്ഥാപിച്ചെടുക്കുന്ന തർക്കങ്ങളിൽ മൂർച്ഛിച്ചു കാലംപോക്കുകയാണ് മലയാളത്തിലെ അക്കാദമികസാഹിത്യവിമർശനം ഇപ്പോഴും. പരാവർത്തനങ്ങൾക്കും വെളിപാടുകൾക്കുമപ്പുറം, സാഹിത്യസുവിശേഷകർ സ്വയം അന്ധതവരിച്ച്, നരച്ച ശീലങ്ങൾ ഡൈ ചെയ്തു തുടങ്ങിയിരിക്കുന്നു. മനഃശാസ്ത്രപരമായ മരണം അവരെ മൂടിക്കളഞ്ഞുവെന്നർത്ഥം. (ആധുനികതാവാദികളായ ഈ കലാപവിശ്വാസികൾ തിരുവധരങ്ങളിൽ നിന്നുതിരുന്ന തിരുവചനങ്ങളെ മുറിച്ച് ദാസ്യഭക്തിയോടെ എഴുതുന്ന കുമ്പസാര ദൃശ്യം ഡോ. സ്കറിയാ സക്കറിയ വരച്ചിടുന്നുണ്ട്). സാഹിത്യവിമർശനം എത്തിനിൽ അനുഭവൈകവാദത്തിന്റെ ഈ ആഭിചാരപരിസരങ്ങളിലാണ് സിദ്ധാന്തവും സിദ്ധാന്തീകരണവും കായകല്പചികിത്സയായി വർത്തിക്കുക. സംസ്കാരികസമരം എന്നും പറയാം. സാഹിത്യം/സൗന്ദര്യം സാർവകാലികസത്തയല്ലെന്നും വിശേഷ ചരിത്ര-പ്രത്യയശാസ്ത്രങ്ങൾ പ്രവർ നിക്കുന്ന രീതി അഥവാ പ്രതീതി മാത്രമാണ് എന്നും ഘടനാവാദാനന്തര ഭൗതികവാദപഠനങ്ങൾ ബോദ്ധ്യപ്പെടുത്തുന്നു. സാഹിത്യപഠനത്തിൽ ജ്ഞാനസിദ്ധാന്തപരമായ വിച്ഛേദം (epistemological break) സാദ്ധ്യമാക്കിയ സൈദ്ധാന്തിക പ്രകരണങ്ങളിലൊന്നാണ് സാംസ്കാരിക ഭൗതികവാദം (cultural materialisation). സാഹിത്യപഠനത്തിലെ സാംസ്കാരികകാണ്ഡം എന്ന് ഇതിനെ വിളിക്കാം.
ജൈവ ബുദ്ധിജീവി (organic intellectual) എന്ന ഗ്രാംഷിയൻ സങ്കല്പനത്തിന്റെ മുഖദർശനമാണ് റയ്മണ്ട് വില്യംസ്. മാർക്സിസ്റ്റ് സാമൂഹ്യവിമർശത്തെ സാംസ്കാരിക/സാഹിത്യവിമർശത്തിന്റെ പ്രയോഗപരിസരങ്ങളിലേയ്ക്ക് വികസിപ്പിച്ച് സാംസ്കാരികഭൗതികവാദത്തിന് സൈദ്ധാന്തികാടിത്തറ പണിയുകയായിരുന്നു വില്യംസിന്റെ ബൗദ്ധികജീവിതം.
സുദീർഘവിസ്തൃതമായ ആ വിചാരലോകത്തെ പിടിച്ചൊതുക്കി ചിമിഴിലടച്ചവതരിപ്പിക്കുകയാണ് റെയ്മണ്ട് വില്യംസ്: സാഹിത്യം, മാർക്സിസം, സാംസ്കാരികഭൗതികവാദം എന്ന പുസ്തകത്തിൽ ജോൺ ഹിഗിൻസ്. ഈ പുസ്തകം മുൻനിർത്തി വില്യംസിനെ ഓർമ്മിക്കുകയാണ് ഈ ലേഖനം.
