ഏതെങ്കിലും ഒരാശയത്തേയോ വികാരത്തേയോ വ്യത്യസ്തമായി വിനിമയംചെയ്യാനുളള ആഗ്രഹത്തിൽനിന്നാണല്ലോ പുതിയ കലാസൃഷ്ടികൾ ഉണ്ടാകുന്നത്. സ്ഥാപനവത്ക്കരിക്കപ്പെട്ട ആശയങ്ങളെ അന്ധമായി പിന്തുടരുന്നതിൽ മൗലികതയുളള ഒരു കലാകാരനും തൃപ്തി നേടുന്നില്ല. സമൂഹഘടനയിലെ വ്യത്യസ്ത അടരുകളെ പ്രത്യയശാസ്ത്രപരമായി വിശകലനം ചെയ്ത സിനിമയാണ് ജോൺ അബ്രഹാം കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്ത 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ (1979).' മരുഭൂമിയിൽ വിളിച്ചു പറയുന്ന ശബ്ദമായ സ്‌നാപകനേപ്പോലെ ജോണും ഭാവരൂപങ്ങളിൽ പ്രവാചകസ്വഭാവമാർന്ന കലാകാരനായിരുന്നു. സാമൂഹ്യവിപ്ലവത്തേക്കുറിച്ചും ചരിത്രത്തേക്കുറിച്ചും മനുഷ്യനേക്കുറിച്ചുമൊക്കെ വ്യത്യസ്തമായ വീക്ഷണമാണ് ജോണിനുണ്ടായിരുന്നത്. പരീക്ഷണത്തിന്റെ പേരിൽ ഇഴഞ്ഞുനീങ്ങുന്ന രീതിയോ വലിയ നിശ്ചലതയോ സൈദ്ധാന്തിക അതിപ്രസരമോ സിനിമയിൽ കൊണ്ടുവരാൻ ജോൺ ശ്രമിച്ചില്ല.
സിനിമയെ ജീവിതവുമായി അടുപ്പിക്കുകയാണ് ജോൺ അബ്രഹാം ചലച്ചിത്രകലയിൽ സൃഷ്ടിച്ച വിപ്‌ളവം. മനുഷ്യനുപയോഗപ്പെടുന്നതായിരിക്കണം സിനിമയെന്ന തന്റെ കാഴ്ചപ്പാടിന്റെ പ്രകാശനം തന്നെയാണ് ഈ സിനിമയും. ജോൺ ജന്മനാടായ കുട്ടനാടിന്റെ അനുഭവപരിസരത്തെ ഉപയോഗപ്പെടുത്തിയാണ് ഈ സിനിമ രചിച്ചത്്. ഭൂപരിഷ്‌ക്കരണകാലയളവിൽ സമൂഹത്തിൽ സംഭവിച്ച വലിയ വിഘടനങ്ങൾ അദ്ദേഹം മനസ്സിലാക്കി. കുട്ടനാട്ടിൽ നിലനിന്നിരുന്ന ജന്മിത്തത്തിന്റെ പശ്ചാത്തലത്തെയാണ് ഈ സിനിമയിൽ ചിത്രീകരിച്ചത്. അടൂർഭാസി, കവിയൂർ പൊന്നമ്മ, പൂർണിമ ജയറാം, അബ്രഹാം ജോസഫ്, വേണു തുടങ്ങിയവരാണ് ഈ സിനിമയിൽ മുഖ്യവേഷങ്ങളിൽ അഭിനയിച്ചത്. മധു അമ്പാട്ടായിരുന്നു ഛായാഗ്രഹണം. ജോൺസൺ സംഗീതം നിർവ്വഹിച്ചു. ഈ സിനിമയിലെ അഭിനയത്തിന് അടൂർഭാസിയ്ക്ക് ആ വർഷത്തെ മികച്ച നടനുള്ള കേരള സർക്കാരിന്റെ അവാർഡു ലഭിച്ചു. സിനിമയക്ക് അവാർഡ് കമ്മറ്റിയുടെ പ്രത്യേക പരാമർശവും ലഭിക്കുകയുണ്ടായി. ആദ്യകാലങ്ങളിൽ ഈ സിനിമ ഫിലിം സൊസൈറ്റികളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമ യുടൂബിൽ ലഭ്യമാണ്.
കൃത്യമായ രാഷ്ട്രീയബോധമുള്ള കലാകാരനായിരുന്ന ജോണിലെ കമ്യൂണിസ്റ്റ്ആശയവാദത്തിന്റെ സ്വാധീനവും ക്രിസ്തുമതാവബോധവും ഒരുപോലെ ഈ സിനിമയിൽ വ്യക്തമാക്കപ്പെടുന്നുണ്ട്. മാർക്‌സിസം ഒരു വിമോചനമാർഗ്ഗമെന്ന നിലയിൽ ജോൺ ഉൾക്കൊണ്ടിരുന്നു. എങ്കിലും മാർക്‌സിസ്റ്റ് തത്ത്വശാസ്ത്രത്തിന്റെ വിശകലനത്തിനപ്പുറമുളള യുക്തിയാണ് സിനിമയിൽ സ്വീകരിച്ചത്. മാർക്‌സിസത്തിന്റെ സാമ്പത്തികവർഗ്ഗവിഭജനത്തിനപ്പുറമുള്ള യാഥാർത്ഥ്യമാണ് അന്വേഷിച്ചത്. രണ്ടുവർഗ്ഗങ്ങൾക്കിടയിലുളള ശരിയാണ് ചിന്താവിഷയം. വർഗ്ഗവൈരുദ്ധ്യങ്ങൾക്കിടയിൽ പിളർക്കപ്പെട്ട, ഒരുപിടിയും കിട്ടാത്ത മധ്യവർഗ്ഗ മനുഷ്യന്റെ ആധികൾ സിനിമയിൽ ചിത്രീകരിക്കുന്നു. സാമൂഹികാധികാരശക്തികളെ ഭയന്നു ജീവിക്കേണ്ടിവരുന്ന ഏതുകാലത്തേയും വ്യക്തികളുടെ പ്രതിനിധിയാണ് നായകകഥാപാത്രമായ ചെറിയാച്ചൻ. ജന്മിത്തത്തിന്റെ പേരിൽ ചൂഷകരെന്ന നിലയിൽ മുദ്രകുത്തിയിരിക്കുന്ന ഇടത്തരക്കാരെ ഈ സിനിമയിൽ ജോൺ ന്യായീകരിക്കുന്നുണ്ട്. വളരെ ദീർഘമായ പ്രസംഗം തന്നെ അതിന്നായി സംവിധായകൻ നൽകി.
