തൂത്തുക്കുടി സ്റ്റെർലൈറ്റ് പോരാട്ടത്തെ വിമർശിച്ച രജനികാന്തിന്റെ രാഷ്ട്രീയ നിലപാടിനോട് തമിഴ്‌നാട്ടിൽ പ്രതിഷേധം പുകയുന്ന സാഹചര്യത്തിൽ പ്രദർശനത്തിനെത്തിയ 'കാല'യുടെ സ്വീകാര്യതയെ സംബന്ധിച്ച് ആശങ്കകളുയർന്നിരുന്നു. രജനികാന്തിന്റെ അമാനുഷികാവതാരങ്ങൾക്ക് ഇടം നൽകാതെ ചേരിയിലെ ചെളിക്കുണ്ടിൽ വളർന്ന വന്മരമായാണ് കാല സ്ഥാനപ്പെട്ടിരിക്കുന്നത്. കീഴാളപക്ഷത്തിന്റെ ഉയിരും ഉയിർത്തെഴുന്നേല്പുമാണ് പാ. രഞ്ജിത്തിന്റെ ചലച്ചിത്രരാഷ്ട്രീയം. അതുകൊണ്ടുതന്നെ താരരാജാവിന്റെ ജനവിരുദ്ധ പരാമർശങ്ങളെ സിനിമ നിശിതമായി വിമർശിക്കുകയും ചെയ്യുന്നു. മറ്റൊരർത്ഥത്തിൽ തന്റെ രാഷ്ട്രീയ നിലപാട്പ്രഖ്യാപനമെന്നതിലുപരി രഞ്ജിത്തിന്റെ പുരോഗമനചിന്തകളെ സമൂഹബോധത്തിലേക്ക് പ്രസരിപ്പിക്കുകയെന്ന ദൗത്യം മാത്രമാണ് രജനി 'കാല'യിൽ നിർവഹിച്ചിരിക്കുന്നത്.
താരരാജാവിന്റെ അവതാരപ്പെരുമകൾ
തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തിലെ അനിഷേധ്യസാന്നിധ്യമായി രജനികാന്ത് മാറുന്നത് 1990- കളോടെയാണ്. അഭിനയജീവിതത്തിന്റെ ആദ്യകാലങ്ങളിൽ അദ്ദേഹത്തെ തേടിയെത്തിയത് പ്രതിനായക കഥാപാത്രങ്ങളായിരുന്നു. കെ. ബാലചന്ദറിന്റെ 'മൂൻട്ര് മുടിച്ച്' (1976), 'അവർഗൾ' (1977), ഭാരതിരാജയുടെ '16 വയതിനിലെ' (1977) തുടങ്ങിയ ആദ്യകാല ചിത്രങ്ങളിലെ വില്ലൻ വേഷങ്ങൾ രജനിയിലെ അഭിനേതാവിനെ അഭ്രപാളിയിലെത്തിച്ചു. എന്നാൽ എസ്.പി. മുത്തുരാമൻ സംവിധാനം ചെയ്ത 'ആടുപുലിയാട്ടം' (1977) രജനിയുടെ വേറിട്ട പ്രകടനംകൊണ്ട് പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ്. 'രജനി സ്റ്റൈൽ' എന്ന ശൈലി വ്യാപകമായതിനു പിന്നിൽ ഈ ചിത്രത്തിലെ പ്രതിനായകനായ രജനി(കഥാപാത്രത്തിന്റെ പേര്) ആവർത്തിക്കുന്ന പ്രസ്തുത പ്രയോഗം ഒരു കാരണമായിരുന്നു.
