വിശ്വപ്രസിദ്ധനായ ഇംഗ്ലീഷ് കാല്പനിക കവി പേസി ബിഷ് ഷെല്ലിയുടെ ഇരുനൂറാം ചരമവാർഷികം യൂറോപ്പിൽ പലേടത്തും സമുചിതമായി ആചരിക്കുന്ന സന്ദർഭമാണിത്. 2022 ജൂലൈ 8 ന് ഷെല്ലിയുടെ ഇരുനൂറാം ചരമവാർഷികം വിപുലമായി ആചരിക്കും വിധം ഒരു വർഷം നീണ്ടു നില്ക്കുന്ന ആചരണങ്ങളും ആഘോഷ പരിപാടികളും അവർ 2021 ൽ തന്നെ തുടങ്ങിയിരുന്നു. ഷെല്ലിയുടെ നാമം കേൾക്കുന്ന മാത്രയിൽ തന്നെ നമ്മുടെ ഇംഗ്ലീഷ് സാഹിത്യ പ്രണയികൾ ഓർക്കുന്ന ഒരുവാചകമാണ് poets are the unacknowledged legislators of the world' എന്നത്. 'കവികൾ ലോകത്തിന്റെ അനംഗീകൃത നിയമനിർമ്മാതാക്കളാണ്' എന്ന് A Defence of Poetry എന്ന നിബന്ധത്തിൽ 1821-ൽ ആണ് ഷെല്ലി കുറിച്ചത്. നിലവിലുള്ള നിയമങ്ങൾക്കും ആചാരങ്ങൾക്കും മതത്തിനുമെതിരെ പ്രചണ്ഡമായി കലഹിച്ച ഷെല്ലിയുടെ കവിതകളെക്കാൾ അദ്ദേഹത്തിന്റെ ലഘുലേഖകളായിരുന്നു അധികാരസ്ഥാനങ്ങളെയും മാമൂൽവാദികളെയും പിടിച്ചുലച്ചത്.
ഇംഗ്ലണ്ടിലെ സസിക്സിൽ 1792-ൽ ആണ് പി.ബി.ഷെല്ലി പിറന്നത്. വേണ്ടുവോളം ഭൂസ്വത്തും മറ്റുമുള്ള ഒരു ധനിക കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ഈറ്റണിൽ സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോഴാണ് ജനമർദ്ദനപരമായ അധികാരദുർവ്വിനിയോഗത്തിനെതിരെയുള്ള കടുത്ത അനിഷ്ടം ഷെല്ലിയിൽ വേരൂന്നുന്നത്. സ്കൂളിലെ ഹെഡ്മാസ്റ്ററും അധ്യാപകരും സഹപാഠികളും മർദ്ദകരായിരുന്നതിനാൽ ജന്മനാ കവിയും പരിവർത്തനോത്സുകനുമായ ഷെല്ലി അങ്ങനെ ആയിത്തീർന്നതിൽ അത്ഭുതമില്ല. ജീവിതാന്ത്യം വരെ ആ നിലപാടിൽ അദ്ദേഹം ഉറച്ചുനില്ക്കുകയും ചെയ്തു.
ഈറ്റണിലെ പഠനകാലത്ത് ഒരു സംഭവമുണ്ടായി. തിളങ്ങുന്ന നീലക്കണ്ണുകളും ഇരുണ്ട തവിട്ടു നിറമുള്ള തലമുടിയും അഭൗമസുന്ദരമായ നിറവും ഉണ്ടായിരുന്ന ഷെല്ലിയെ കണ്ടാൽ ഏതോ വാനലോകത്തുനിന്ന് വന്നു ചേർന്ന ജീവിയായിട്ടേ തോന്നുമായിരുന്നുള്ളു. ഒരു ദിവസം സ്കൂൾ ഗ്രൗണ്ടിൽ സ്വയം വരച്ച വൃത്തത്തിനുള്ളിൽ കിണ്ണത്തിലെടുത്ത ആൾക്കഹോളുമായി നില്ക്കുകയാണ് ഷെല്ലി. അടുത്ത നിമിഷം, ചാരായത്തിന് തീകൊടുത്തുകൊണ്ട് അപ്പോഴുയർന്ന നീലജ്വാലകളുടെ മറയിൽ നിന്ന് അയാളതാ വിളിച്ചു പറയുന്നു: 'വായുവിലും ജലത്തിലും അഗ്നിയിലുമുള്ള ചെകുത്താന്മാരേ, ഞാൻ നിങ്ങളോട് അർഥിക്കുന്നു...' ഈ കാഴ്ച കണ്ട് ഒരു കൂട്ടം സഹപാഠികൾ അന്തംവിട്ട് നില്ക്കുകയാണ്. അപ്പോൾ ഒരു അദ്ധ്യാപകൻ ഷെല്ലിയോട് ഉറക്കെ ചോദിച്ചു: 'ഷെല്ലീ, എന്താണീ കാണിക്കുന്നത്?' 'സർ, ഞാൻ ചെകുത്താനെ ആവാഹിക്കുകയാണ്.'
