ആമുഖം: വളരെ പഴയ ഒരു നോവൽ ഞാൻ വായിക്കുന്നു. നിങ്ങൾ ചോദിക്കുമായിരിക്കും, ഇപ്പോൾ എന്തുകൊണ്ട് ഈ നോവൽ? ഏത് നൂറ്റാണ്ടിൽ എഴുതപ്പെട്ട കൃതിയും വായിക്കാനുള്ള സ്വാതന്ത്ര്യം നിരൂപണകലയ്ക്കുണ്ട്. അതിന്റെ സാംഗത്യം പ്രശ്നമെങ്കിൽ, അതിനുള്ള ഉത്തരവും ഈ നോവൽ തരുന്നു. ഒരു മനുഷ്യാവസ്ഥയുടെ കലാപരമായ ഉൽപ്പന്നമാണ് പറങ്ങോടീപരിണയം. പുതുസംവേദനത്തിന്റെ കാലത്ത് ഈ നോവൽ നിലനില്ക്കുമോ? അത് വിമർശനത്തിന്റെ ഒരു പരിശോധനാ വിഷയം തന്നെ. എല്ലാകാലത്തും എവിടെയും എഴുത്തുകാർ നേരിടുന്ന അനേകം മനുഷ്യാവസ്ഥകളുണ്ട് എന്നാണ് എന്റെ വിശ്വാസം. അക്കൂട്ടത്തിൽ എഴുത്തുകാരൻ എന്ന നിലയിൽ അഭിമുഖീകരിക്കുന്ന അവസ്ഥകളും കാണും. രചനയുടെ ആഗ്രഹപരിസരങ്ങളിലൂടെ കടന്നുപോകേണ്ടിവന്നപ്പോൾ കിഴക്കേപ്പാട്ട് രാമൻകുട്ടി മേനോന് സവിശേഷമായ ഒരവസ്ഥയ്ക്ക് കീഴടങ്ങേണ്ടിവന്നിരുന്നു. ആ കീഴടങ്ങൽ ഒരുക്കൂട്ടിയ ഒരു രൂപമാണ് അദ്ദേഹത്തിന്റെ നോവൽ.
സമീപകാലത്ത് സുഭാഷ്ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം' എന്ന നോവൽ ഇതേ പ്രശ്നം മറ്റൊരു രീതിയിൽ പറയുന്നതായി എനിക്ക് തോന്നി. ജിതേന്ദ്രൻ എന്ന കഥാപാത്രം എഴുത്തുകാരൻ എന്ന രീതിയിൽ നേരിടുന്ന മനുഷ്യാവസ്ഥയ്ക്ക് ഉദാഹരണമാണ്. ഈ കഥാപാത്രത്തെ അടിമുടി വിമർശിച്ച ഒരു നിരൂപകൻ, ഒരു വസ്തുത കണ്ടെത്തുന്നുണ്ട്. ചെറുപ്പത്തിൽ തുടങ്ങിവെച്ച നോവൽ രചന പാതിവഴിയിൽ മുടങ്ങിപ്പോയതിന്റെ കാരണം തന്റെ കാലഘട്ടത്തെ ഒന്നാകെ ഗ്രസിച്ച അലസതയായിരുന്നു. തീർച്ചയായും ആ അവസ്ഥ സൃഷ്ടിച്ച വൈയക്തിക സംഘർഷത്തിന്റെ വ്യതിയാനമാണ് സുഭാഷ്ചന്ദ്രന്റെ നോവൽ. പറങ്ങോടീപരിണയ രചനയിൽ എത്തുന്നതിന് മുമ്പെ, അതിന്റെ ആത്മാവ് അനുഭവിച്ച വേദന അല്ലെങ്കിൽ അതിന്റെ ഭാവം ഏതാണ്ട് തുല്യമായി വിനിയമം ചെയ്യുന്നുണ്ട് ജിതേന്ദ്രൻ. ആൻമേരിക്കയച്ച കത്തുകളിലൂടെ.
'മനുഷ്യന് ഒരു ആമുഖം' എന്ന നോവലിന് മുൻപേ പുറത്തുവന്ന നോവലാണ് 'സജ്ഞയ്ഗാന്ധിയും ഹനുമാനും'. കെ. രഘുനാഥൻ ഈ നോവലിൽ മനുഷ്യാവസ്ഥ മറ്റൊരു മനോഭാവത്തിലൂടെ ആവിഷ്കരിക്കുന്നതാണ് ശ്രദ്ധേയം. ഒരു പ്രസാധകൻ നോവലിസ്റ്റായിത്തീരുകയാണ്. കഠിനവും സങ്കീർണ്ണവുമാണ് പ്രസാധകന്റെ ജോലി. അക്ഷരങ്ങൾ പെറുക്കിവെയ്ക്കുന്നതുമുതൽ പ്രൂഫ് നോക്കുന്നതും പുറംചട്ട നിർമ്മിച്ചെടുക്കുന്നതും അച്ചടിച്ച് പുറത്തിറക്കുന്നതും മാർക്കറ്റിങ്ങും പരസ്യവും വരെയുള്ള കാര്യങ്ങളും അയാൾക്ക് ശ്രദ്ധിക്കേണ്ടിവരുന്നു. ആ നിലയ്ക്ക് നോവലെഴുത്തുകാരന്റെ പണി എത്രയോ ലളിതം. അപൂർവ്വ സന്ദർഭങ്ങളിൽ പ്രസാധകനും ചില അവസ്ഥകൾ നേരിടേണ്ടിവരാറുണ്ട്. സഞ്ജയ്ഗാന്ധി, ഗുലാംനബി ആസാദ് എന്നിവരെ ഓർമ്മിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങൾ ഒരു വിഷയം അച്ചടിച്ചുകൊടുക്കാൻ പ്രസാധകനോട് ആവശ്യപ്പെടുന്നു. അത് രഹസ്യമായി വയ്ക്കണം. പുറത്തുപറയാൻ പാടുള്ളതല്ല. അത് ഒരു പ്രതിസന്ധിയായി തന്നിൽ വളർന്ന് വരുന്നത് അനുഭവിച്ചറിഞ്ഞ പ്രസാധകൻ നോവലെഴുതാൻ തീരുമാനമെടുക്കുന്നു. നോവലെഴുതി നോവൽകാരന്മാരേക്കാൾ വലിയവനാവുക, പ്രശസ്തനാവുക എന്ന താല്പര്യത്തോടെയായിരുന്നു ആ രചന. നോവൽ പ്രകാശിപ്പിക്കാൻ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചെങ്കിലും അയാൾ അത് നിരസിക്കുന്നു. അതിനാൽ നോവലിന്റെ പ്രകാശനത്തിനായി മാർപ്പാപ്പയെ ക്ഷണിക്കുന്നതാണ് നോവലിലെ അത്ഭുതകരമായ സന്ദർഭം. ഒരു പ്രസാധകൻ ശക്തനായ ഒരു നോവലിസ്റ്റായി മാറുന്നതിന്റെ അവസ്ഥ, ഒരു മനുഷ്യാവസ്ഥയായി സങ്കല്പിക്കാമെങ്കിൽ, അത് വായനയുടെ പുതിയ സാധ്യതകളാണ് തുറന്നുതരുന്നത്. എഴുത്തുകാർ അനുഭവിക്കുന്ന മനുഷ്യാവസ്ഥയുടെ ആഖ്യാനപ്രതികരണങ്ങളെ കാണാതിരുന്നുകൂടാ. ആ പശ്ചാത്തലത്തിൽ പറങ്ങോടീപരിണയം ഒന്ന് പരിശോധിച്ചുനോക്കുക.
