വ്യതിരിക്തമായ നൃത്തക്കാഴ്ചകൾ

Art, Culture, Life

വ്യതിരിക്തമായ നൃത്തക്കാഴ്ചകൾ


സ്ഥലം തൃശൂരിലെ മാള, വർഷം 2001. സാധാരണഗതിയിൽ ടെലിവിഷൻ പരിപാടികൾക്കുള്ള ചിത്രീകരണത്തിനായി പോയതിന്റെ വർഷവും തീയതിയും ഓർത്തുവെക്കാറുള്ളതല്ല. മാള എന്ന പേര് കെ. കരുണാകരന്റെ നിയോജകമണ്ഡലമായത് ഒരു കാരണമാവാം. 2001 എങ്ങനെയോ ഓർത്തുപോയി. എങ്കിലും 'മാള'യെ മറക്കാനാവാത്തതു മറ്റൊരു കാരണംകൊണ്ടാണ്: കേരളത്തിലെ പാരമ്പര്യകലാരൂപങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് മാളയിലെത്താനുണ്ടായ കാരണം. വളരെ വിചിത്രങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് അവിടെ ഒരു മാടപ്പുരയിൽ കണ്ടത്. പാട്ടുപാടുന്നതിനൊപ്പം നൃത്തവും ചെയ്ത് ഒരുപറ്റം മനുഷ്യർ മാടപ്പുരയിലേക്കു നീങ്ങുകയാണ്. പാട്ടിങ്ങനെ, 'കുട്ടാ കുട്ടാ കരയേണ്ട കുട്ടാ, കരയേണ്ട പിഴിയേണ്ട കുട്ടാ, കുട്ടന്റെ അപ്പൻ വരുമ്പോ ചക്കര കൊണ്ടുവരും. അപ്പന്റെ കൈയില് കാശില്ലാഞ്ഞിട്ടല്ല ചക്കരപ്പീടിക തുറക്കാഞ്ഞിട്ടുമല്ല, കുട്ടനെ പെറ്റതുതന്നെ അപ്പനറിഞ്ഞീലാ.'

ആദ്യം കേൾക്കുമ്പോൾ ഈ പാട്ട് ഒരു അനുഷ്ഠാനത്തിന്റെ ഭാഗമായി തോന്നിയില്ല. പറയനൃത്തവും പറയൻപാട്ടും എപ്പോഴും ഇങ്ങനെതന്നെ ആകണം എന്നു നിർബന്ധമില്ല. കാലോചിതമായ മാറ്റങ്ങൾ അനുഷ്ഠാനഗാനങ്ങളുടെ സാഹിത്യത്തിലും വന്നുചേരുന്നതാവാം. ഈശ്വരന്മാരെ കുടിയിരുത്തി എന്നു സങ്കല്പിച്ചു, അവിടേക്കുള്ള യാത്രയിൽ ജീവിതസത്യങ്ങളുടെ കലവറ ഒന്നൊന്നായി തുറന്നുകാട്ടുന്ന ഇത്തരം പാട്ടുകൾക്ക് ഭാരതീയഗാനസാഹിത്യത്തിലെ നിന്ദാസ്തുതിയുമായി ബന്ധമുള്ളതുപോലെ തോന്നി. ഭക്തിയോടെയോ ബഹുമാനത്തോടെയോ മാത്രമേ ഈശ്വരന്മാരെ വിളിക്കാവൂ എന്നതിനു വിരുദ്ധമായി തന്റെ ജീവിതത്തിലെ ദൈനംദിനഅനുഭവങ്ങളും അവയിലെ നീതിനിഷേധങ്ങളും ഉറക്കെപ്പാടി ഈശ്വരന്റെ കണ്ണുതുറപ്പിക്കുകയാണ്. സ്ത്രീയുടെ, അമ്മയുടെ, തീരാസങ്കടങ്ങൾക്കു കാരണം തന്റെ കുഞ്ഞ് പിറന്നതുപോലുമറിയാത്ത നിലയിലായിപ്പോയ ഭർത്താവിന്റെ ജീവിതരീതികളാണ്. എന്നാൽ, അത്തരം ജീവിതങ്ങളെ സൃഷ്ടിക്കുന്നത് ഇവിടെ കുടിയിരുത്തിയ ദൈവമാണ്. ആ ദൈവം തന്നെ മനുഷ്യന് നേർവഴി കാട്ടിക്കൊടുത്തോളും എന്ന വിശ്വാസമർപ്പിച്ചു പാടി നൃത്തംവെക്കുന്ന പറയസമൂഹം തങ്ങളുടെ ഒരുതരത്തിലുള്ള ആക്ഷേപസ്തുതിയിലൂടെ ഭഗവാനിൽ വലിയൊരു ഉത്തരവാദിത്വം ഏല്പിക്കുന്നു. നിന്ദാസ്തുതിയിൽ ഹാസ്യരൂപേണയാണ് സമീപനമെങ്കിലും ഒടുവിൽ ഭഗവത് സ്തുതിയിൽതന്നെയെത്തുന്നു.

ദൈവങ്ങളെ ചുറ്റുവിളക്കു കത്തിച്ച് അങ്ങകത്തെങ്ങോ ഇരുത്തിയകറ്റാതെ മനുഷ്യർക്കിടയിലേക്ക് ഇറക്കിക്കൊണ്ടുവരുന്ന കാഴ്ചയാണ് പറശ്ശിനിക്കടവിൽ കാണാൻ സാധിക്കുന്നത്. അവിടെ ദൈവവും മാംസഭുക്കാണ്. ഉല്ലാസത്തിമർപ്പിൽ ഗ്രാമീണരെപ്പോലെ അദ്ദേഹവും തെങ്ങിൻകള്ള് സേവിക്കുന്നു. ഈശ്വരപ്രീതിക്കായി തിടമ്പെടുത്തു നൃത്തമാടുന്ന ഭക്തന്മാർ ഈശ്വരന്മാർക്കു തുല്യരാണ്. ഭഗവാന്മാർക്ക് മനുഷ്യനും സസ്യജന്തുജാലങ്ങളുമൊക്കെ ഒരുപോലെയാണ്. തുല്യരാണ്. അതുകൊണ്ടാവാം തിടമ്പ് നൃത്തത്തിനു സാക്ഷ്യംവഹിക്കുന്നത് നായ്ക്കളുൾപ്പെടുന്ന കാണികളാണ്. ക്ഷേത്രമതിൽക്കെട്ടിനകത്ത് സൈ്വരവിഹാരം നടത്തുന്ന നായ്ക്കൾ ഒരു ജനകീയദൈവത്തിന്റെ സമത്വബോധത്തിന്റെകൂടി ദൃഷ്ടാന്തമാണ്. എന്തുകൊണ്ടെന്നറിയില്ല. ക്ഷേത്രത്തിൽ വന്നുകയറുന്ന നായ്ക്കൾ ഓടിനടന്നു ബഹളംവെക്കാറില്ല. തിടമ്പിന്റെ രക്തവർണ്ണശോഭ അവരെ അദ്ഭുതപ്പെടുത്താറുമില്ല. തിക്കിത്തിരക്കിനിന്ന് ആർപ്പുവിളിയോടെ ഭഗവാനെ പ്രീതിപ്പെടുത്തുന്ന മനുഷ്യർക്കിടയിൽ 'എനിക്കറിയാവുന്ന ഭഗവാനെ ഇവർ കാണുന്നില്ല' എന്ന ഭാവത്തോടെ സധൈര്യം നിവർന്നുകിടക്കുന്ന നായ്ക്കൾ ഒരപൂർവ്വകാഴ്ചയാണ്. ഒരർത്ഥത്തിൽ അവയുടെ ഈ മുഖഭാവം വലിയൊരു സത്യം നമുക്കു മുന്നിൽ വെളിപ്പെടുത്തുന്നുമുണ്ട്.


Related Articles