When I find myself in times of trouble,
Mother Mary comes to me
Speaking words of wisdom, let it be
And in my hour of darkness
she is standing right in front of me
Speaking words of wisdom,
let it be
(Let it Be, Beatles)
1970-ലാണ് ദ ബീറ്റിൽസ് ബാൻഡിലെ പോൾ മകാർട്നി തനിക്ക് പതിനാലു വയസ്സിൽ നഷ്ടമായ മാതാവിനെയും കന്യാമാതാവിനെയും ഒരുപോലെ സ്മരിച്ചുകൊണ്ട് ‘ലെറ്റ് ഇറ്റ് ബി’ എന്ന ഗാനം എഴുതുന്നത്. കാലം കലുഷിതമാകുമ്പോൾ, ജീവിതം ദുരിതമയമാകുമ്പോൾ, സ്നേഹഭരിതമായ ജ്ഞാനവചസ്സുകളുമായെത്തുന്ന മാതാവ്. തന്റെ ആത്മകഥാപരമായ രചനയ്ക്ക് മദർ മേരി കംസ് ടു മി എന്നു പേരിടുമ്പോൾ മേരി റോയി എന്ന സ്വന്തം അമ്മയുടെ പേരിനൊപ്പം, തന്റെ ജീവിതത്തിലെ വലിയൊരു അധ്യായമായ ബീറ്റിൽസിനോടുള്ള ഹൃദയബന്ധംകൂടി അരുന്ധതി റോയി രേഖപ്പെടുത്തിവച്ചത് തികച്ചും സ്വാഭാവികം. ശിഥിലവും അരക്ഷിതവുമായ ഒരു കുട്ടിക്കാലത്തെ അതിജീവിക്കാനുള്ള ഒരു പെൺകുട്ടിയുടെ അപരജീവിതോപാധിയായിരുന്നല്ലോ ആ റോക്ക് ആൻഡ് റോൾ ലോകം. കർക്കശക്കാരിയായ അമ്മ തുന്നിക്കൊടുത്ത ഉടുപ്പുകൾക്കും വരച്ചിട്ട വരകൾക്കുമപ്പുറത്ത് അവൾ തേടിക്കൊണ്ടിരുന്ന ആകാശം.
രണ്ട് അതിഗംഭീരസ്ത്രീകളുടെ ജീവിതകഥയാണ് മദർ മേരി. ഇന്ത്യയുടെ ചരിത്രത്തിലും വർത്തമാനകാലത്തിലും മായാമുദ്ര പതിപ്പിച്ചവർ. പ്രചോദനത്തിന്റെയും സാന്ത്വനത്തിന്റെയും വാത്സല്യത്തിന്റെയും പ്രതീകമായിരിക്കും ആ കഥയിലെ അമ്മ-സിറിയൻ ക്രിസ്ത്യൻ സ്ത്രീകളുടെ സ്വത്തവകാശത്തിനുവേണ്ടിയുള്ള ഐതിഹാസികസമരത്തിലൂടെയും പള്ളിക്കൂടം എന്ന സ്കൂളിന്റെ സ്ഥാപകയെന്ന നിലയിലും പ്രശസ്തയായ മേരി റോയി-എന്ന എല്ലാ മുൻവിധികളെയും തച്ചുടച്ചുകൊണ്ടാണ് അരുന്ധതി തന്റെ ആഖ്യാനം ആരംഭിക്കുന്നതും മുന്നോട്ടുകൊണ്ടുപോകുന്നതും. മദ്യപാനിയായ ഭർത്താവിനെ ഉപേക്ഷിച്ച് രണ്ടു ചെറിയ കുഞ്ഞുങ്ങളുമായി ഊട്ടിയിലും പിന്നീട് സ്വന്തം നാടായ അയ്മനത്തിലും ജീവിതം കഴിച്ചുകൂട്ടുകയും കടുത്ത നീതിനിഷേധങ്ങൾക്ക് ഇരയാവുകയും ചെയ്ത, മുൻകോപക്കാരിയും ആസ്ത്‌മാരോഗിയുമായ മേരി. അമ്മയുടെ കോപവും ബന്ധുക്കളുടെ അവജ്ഞയും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട, സ്നേഹമെന്നതു കിട്ടാക്കനിയായ കുഞ്ഞ് അരുന്ധതിയും സഹോദരൻ എൽ.കെ.സിയും. കുട്ടിക്കാലത്തിന്റെ സ്മരണകളെയും ശൈഥില്യങ്ങളെയും അതിജീവിക്കാനുള്ള അവരുടെ ശ്രമങ്ങൾ, അതിലെ, വിജയപരാജയങ്ങൾ. ഇടയ്ക്ക് കടന്നുവരുന്ന അവരുടെ പിതാവ്, അരുന്ധതിയുടെ പങ്കാളികൾ, കുഞ്ഞുങ്ങൾ, സമരസഖാക്കൾ, നായ്ക്കുട്ടികൾ. ഹിപ്പികൾ ഇന്ത്യയിലേക്ക് ഒഴുകിയെത്തിയ കാലത്തുനിന്നു തുടങ്ങി, ഹൈന്ദവവർഗ്ഗീയത നടമാടുന്ന സമകാലികരാഷ്ട്രീയാവസ്ഥവരെ നീണ്ടുകിടക്കുന്ന സാമൂഹികഭൂപടങ്ങൾ... അതിസാന്ദ്രമാണ് ഈ കൃതിയുടെ ആഖ്യാനം. മകൾ, എഴുത്തുകാരി, സാമൂഹ്യപ്രവർത്തക, നടി, പ്രണയിനി തുടങ്ങി പല പല ജീവിതാവസ്ഥകളിലൂടെ കടന്നുപോകുമ്പോഴും ‘ഏറ്റവും സുരക്ഷിതമായ ഇടത്തെ ഉപേക്ഷിച്ചുപോകാനുള്ള’ വാസന രക്തത്തിൽ അലിഞ്ഞുചേർന്ന അരുന്ധതി റോയി ഈ കൃതിക്ക് നൽകിയിരിക്കുന്ന ഘടനയും ഒരു ലാബിറിന്തിന്റേതാണ്. അതിനെ രാവണൻകോട്ടയെന്നു വിളിക്കണോ? അതോ ചക്രവ്യൂഹമെന്നോ?
ഊട്ടിയിലെ ചകിതകാലത്തുനിന്ന്, മീനച്ചിലാറിന്റെ കരയിലെ കാടൻജീവിതത്തിൽനിന്ന്, സ്കൂളും വീടും തമ്മിൽ വേർതിരിക്കാനാവാത്ത വാഴ്‌വിടത്തിന്റെ കടുംപിടിത്തങ്ങളിൽനിന്ന്, ദൽഹിയുടെ സ്വാതന്ത്ര്യോന്മാദങ്ങളിൽനിന്ന്, ഗോവയുടെ അപരിചിതഭൂമികയിൽനിന്ന്, പഛ്മഢിയുടെ പ്രകാശത്തിൽനിന്ന്, ഇറ്റലിയിലേക്കും നർമദയുടെ താഴ്‌വരയിലേക്കുമൊക്കെ പടർന്നു പടർന്നു പോകുന്ന ആ വിചിത്രജാലികയിലേക്ക് പ്രവേശനം എളുപ്പമായിരുന്നില്ല. വായിച്ച് മനസ്സ് നിറയുമ്പോഴേക്ക് ഇത് വിവർത്തനം ചെയ്യേണ്ടതാണല്ലോ എന്ന ബോധമുദിക്കും. വീണ്ടും വായിക്കും. ചില ചെറിയ വാക്കുകൾ ഇപ്പോൾ ശരിയാക്കിത്തരാം എന്ന അമിത ആത്മവിശ്വാസം തരും. എഴുതുമ്പോഴാണ് ഇതൊന്നുമല്ലല്ലോ എന്നോർക്കുക. അയ്മനവും കോട്ടയവും ഒരു മലയാളിക്ക് കീറാമുട്ടിയല്ലല്ലോ എന്ന് ആശ്വസിക്കുമ്പോഴേക്ക്, ജലത്തിൽ എണ്ണയെന്നപോലെ ആ നാട്ടിൽ പൊങ്ങിക്കിടക്കുന്ന വിശ്വപൗരരുടെ വിചിത്രജീവിതം കടന്നുവരും. എഴുത്തുകാരിയുടെ ഹൃദയത്തിലെ ആ നിശാശലഭം വിവർത്തകയുടെ മനസ്സിലും പറന്നിരിക്കും. അമ്മയെ അറിയാൻ ശ്രമിച്ച് അരുന്ധതി കടന്നുപോയ രാവണൻകോട്ടകളിലൊന്നിൽ കുടുങ്ങിയും ഞെരുങ്ങിയും പിടഞ്ഞും നൊന്തും വായനക്കാരും കടന്നുപോകുന്നുണ്ട്. വിവർത്തകയ്ക്ക് അത് കടന്നുവരാനാവില്ല; കുറഞ്ഞപക്ഷം കുറേക്കാലത്തേക്കെങ്കിലും.
അതിഗംഭീരമാണ് മദർ മേരി’യുടെ ക്രാഫ്റ്റ്. അർത്ഥമറിയാൻ നിഘണ്ടു തപ്പേണ്ട വാക്കുകൾ വളരെക്കുറവ്. പലതും ചെറുചെറു വാചകങ്ങൾ. സാധാരണമെന്നു തോന്നിക്കുന്നവ. വലിയ വിവരണങ്ങളില്ല. ഒരു ചെറുകഥ പോലെ ഉള്ളുറപ്പുള്ള വാചകങ്ങൾ. പരമാവധി ആ ഘടനയോടു നീതിപുലർത്താനാണ് ഈ വിവർത്തനത്തിൽ ശ്രമിച്ചത്. എഴുത്തുകാരി നിർത്തിയിടത്ത് നിർത്താനും ചിഹ്നനം നടത്താനും സാധ്യമാകുന്നത്രയും നോക്കിയിട്ടുണ്ട്. ഇംഗ്ലിഷിലെ എഴുത്തിന് ആ നീട്ടലും കുറുക്കലും നൽകുന്ന ഭംഗി വിസ്മയിപ്പിക്കുന്നതാണ്. My heart sang. And then sank എന്ന വരികളിൽ എത്രനേരം കുരുങ്ങിയിരുന്നെന്നറിയില്ല. പാടുകയും വാടുകയും ചെയ്യുന്ന ഹൃദയം. ഒന്നിലധികം മരണങ്ങളിലൂടെയും വേർപാടുകളിലൂടെയും ദുരന്തങ്ങളിലൂടെയും കടന്നുപോകുമ്പോഴും നിർമമത കൈവിടാത്ത അതിതീവ്രവിശേഷണങ്ങളിലേക്ക് വഴുതി വീഴാത്ത അവരുടെ ഭാഷയെ വൈകാരികതകൊണ്ട് മലീമസപ്പെടുത്താതിരിക്കാനും പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. അതിലെ ആഴമേറിയ നർമ്മത്തിന്റെ ചെറുമീനുകളെ പരിമിതമായ ഭാഷയുടെ വലയിൽ കുടുക്കാനും.
ആറുമാസത്തിലധികം നീണ്ട ഈ വിവർത്തനം അവസാനിച്ചപ്പോൾ ഒരു നഷ്ടബോധമുണ്ടായി. ഒരിക്കലും തിരിച്ചുചെല്ലാനാകാത്ത ഒരു ലോകത്തിൽനിന്ന് ഇറങ്ങിപ്പോരേണ്ടി വന്നതുപോലെ. ഗംഭീരമായ കൃതികൾ പരിഭാഷപ്പെടുത്താനാവുക ഏതൊരു വിവർത്തകയുടെയും സ്വപ്നമാണ്. 2025-ലെ മികച്ച പുസ്തകങ്ങളിലൊന്ന് എന്ന് നിസ്സംശയം പറയാനാകുന്ന ഈ കൃതിയുടെ വിവർത്തനം എന്നെ വിശ്വസിച്ചേല്പിച്ച ഡി സി ബുക്സിനും എഡിറ്റോറിയൽ ടീമിനും നന്ദി. ഭാഷ തന്ന അച്ഛനും ഈ ഏകാന്തയാത്രയ്ക്ക് സമയം തന്ന അമ്മയ്ക്കും പുസ്തകത്തിന്റെ ആദ്യവായനയും തിരുത്തുപണികളും ചെയ്ത അബ്ദുൽസലാമിനും ഒപ്പമിരുന്ന് വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത മിയാനും സ്നേഹം.
ആഖ്യാനത്തിന്റെയും അനുഭവങ്ങളുടെയും ചക്രവ്യൂഹത്തിൽനിന്ന് വേദനയോടെയെങ്കിലും സ്വയം മോചിപ്പിച്ചെടുത്ത്, ഈ ഉജ്വലകൃതി സ്നേഹത്തോടെ മലയാളത്തിനു സമർപ്പിക്കുന്നു.
Summary: N. G. Nayanathara writes about the experience of translating Arundhati Roy's memoir Mother Mary Comes To Me
