ദേശം വിട്ടുപോകുന്നവർ

Short Story

ദേശം വിട്ടുപോകുന്നവർ


ദേശം വിട്ടുപോകുന്നവരെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇഷ്ടത്തോടെ പോകുന്നവരുടെ ഒപ്പം തന്നെ ഹൃദയത്തിലും തലച്ചോറിലും എല്ലാം സമ്മർദ്ദങ്ങളും ഏറി പോകുന്നവരും ഇവിടെയുണ്ട്. ഇതൊന്നുമല്ലാത്ത അവസ്ഥയിൽ ഉള്ളവരെ എങ്ങനെയാ നമുക്ക് മനസ്സിലാവുക? അറിയില്ല.

ഞാനിപ്പോൾ ഏത് അവസ്ഥയിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്നും എനിക്കറിയില്ല. പക്ഷേ പോവണം ഇനി ഇവിടെ നിൽക്കാനുള്ള ത്രാണി എനിക്കില്ല. വിസയ്ക്കുള്ള പണം അമ്മു ചേച്ചീനെ ഏൽപ്പിക്കാൻ നേരം എൻറെ ഉള്ളിലൂടെ കടന്നുപോയത് എന്ത് വികാരം ആണെന്നും എനിക്ക് അറിയില്ല.

തിരിച്ചു കെ.എസ്.ആർ.ടി.സി ബസ്സിൽ ഇങ്ങോട്ട് വരും നേരം പതിവില്ലാതെ വെറുതെ വാട്സാപ്പിലൂടെ കണ്ണും വിരലുകളും വേഗത്തിൽ ഓടിച്ചു നോക്കി. സ്ക്രോൾ ചെയ്യുന്നതിനിടയിൽ പെട്ടെന്നൊരാളൽ. നെഞ്ചിലൊരു കല്ലുകയറ്റി വച്ചതുപോലെ ഒരു ഭാരം, ആകാശനീല നിറത്തില് ഷർട്ടിട്ട് ചിരിച്ചുകൊണ്ട് നിൽക്കുന്ന ഒരു ചെക്കൻ. വാട്സ്ആപ്പ് ഡിപി ഓപ്പൺ ചെയ്തു സൂം ചെയ്യാനായി നോക്കിയപ്പോൾ കണ്ണിന് ആകെ ഒരു മങ്ങൽ. കാഴ്ച മെല്ലെ മങ്ങി തുടങ്ങിയത് പോലെ ചടയമംഗലം ബസ് സ്റ്റാൻഡിൽ ഒരുവിധം ഇറങ്ങി. ഇരിക്കാൻ ആയിട്ടുള്ള വിശാലമായ ബെഞ്ചിൽ ബാഗും വെച്ച് ഒന്ന് നേരെ ചാരി കിടന്നു. നല്ല ക്ഷീണം തോന്നുന്നു. ഛർദ്ദിക്കാൻ വരുന്നുണ്ട്. ഉള്ളിൽ നിന്നും എന്തോ തികട്ടി വരുന്നു. ഇപ്പോൾ ഛർദ്ദിക്കും. ഓടിപ്പോയി ബസ്റ്റാന്റിന്റെ ഇടതുവശത്ത് കൂടി ഒഴുകുന്ന ഓടയുടെ അടുത്ത് ഇരുന്ന് ഛർദ്ദിച്ചു.'കയ്യിലുണ്ടായിരുന്ന കുപ്പി വെള്ളത്തിൽ വായ കഴുകി. വെള്ളത്തിനൊക്കെ എന്തൊരു കൈപ്പാണ്. കാര്യം ഇതൊക്കെയാണെങ്കിലും ഛർദ്ദിച്ചു കഴിഞ്ഞപ്പോൾ ഇച്ചിരി ആശ്വാസം കിട്ടി.


Related Articles