തോം ത സ്റ്റാറീ സ്റ്റാറീ നൈറ്റ്സ്

Readers Ink

തോം ത സ്റ്റാറീ സ്റ്റാറീ നൈറ്റ്സ്


ശില്പങ്ങൾ, സമുച്ചയങ്ങൾ എന്നൊക്കെയുള്ള വിളിപ്പേരുകളിൽ ചില വസ്തുക്കളുണ്ട്. അവയെ നോക്കണമെന്ന കാര്യം പലപ്പോഴും നാം മറന്നുപോകും. ‘അത് അവിടെയുണ്ടെന്ന’ വിശ്വാസമായി ഇത്തരം വസ്തുക്കൾകൂടി ചേർന്ന ഒരു ഭാഗധേയം ഒരുപക്ഷേ ഒരു ലോകതത്ത്വമായിരിക്കണം. തങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കാത്തത്ര നേർത്ത തീവ്രതയുള്ള ശബ്ദങ്ങളുടെ ഉദ്വമനം തൻ്റെ പണിത്തരങ്ങളിൽ ഒളിപ്പിച്ച ബുദ്ധശില്പിയെക്കുറിച്ച് ഓർക്കാം. മമതാബന്ധങ്ങളുടെ ചുരുളഴിച്ച യഥാർത്ഥ ബുദ്ധനെക്കാൾ ആ വ്യക്തി ഒട്ടും അപ്രസക്തനാകുന്നില്ല. എന്നിട്ടും ‘അതവിടെ ഉണ്ട്’ അത്രമാത്രം. ദൃശ്യമായ ഇത്തരം അദൃശ്യസാന്നിദ്ധ്യങ്ങളെ വഴിയരികിൽ നാം കണ്ടുമറന്ന ഒരു ശില്പമായി സങ്കല്പിച്ചാൽ അവ വെറുതേ ഇരിക്കുന്നവർക്ക് ഒരു കൂട്ടിരിപ്പുകാരൻ സുഹൃത്തായും ചിരപരിചിതർക്ക് ഒരു വഴിയടയാളമായും ഓർമ്മയായും ചിലപ്പോഴെല്ലാം ഒരു ദിശാസൂചികയായും ചില നേരങ്ങളിൽ ആശ്വാസകേന്ദ്രമായും മാറിത്തീരുന്നതു കാണാനാകും. ബി. രവികുമാറിൻ്റെ യക്ഷി എന്ന കോലകഥയിലെ ബ്യൂറോ ചീഫ് ഹരികൃഷ്‌ണൻ മേഘ നൈറ്റിംഗേൽനെക്കുറിച്ചു ചിന്തിക്കുന്ന കാര്യം ഈ സന്ദർഭത്തിന് ഇണങ്ങും. “ഇവൾ തനിക്കാരാണ്. ശിഷ്യയോ ? മകളോ ? അനിയത്തിയോ ? കൂട്ടുകാരിയോ ?." കോലങ്ങൾ തനിക്കെന്താണെന്നു ചിന്തിക്കുന്ന കഥാകാരൻ്റെ മനസ്സ് ഈ വാക്കുകളുടെ ഉപധ്വനിയല്ലേ? മേഘയുടെ ഭംഗിയുള്ള കോമ്പല്ലുകളിൽ ചോരപൊടിയുന്നതായി ഹരികൃഷ്ണനു തോന്നിയതും കോമ്പല്ലുള്ള താൻ യക്ഷിയെപ്പോലിരിക്കുന്നുവെന്നു മേഘയ്ക്കു തോന്നിയതുമാണ് കഥയുടെ പുരാവൃത്തം. ഇതെന്തു പ്രമേയം എന്നു പടയണിപ്രേമികൾ മൂക്കത്തു വിരൽവെയ്ക്കാം. കഥ കേൾക്കാൻ ഇരുന്നവരാകട്ടെ അതു മറന്ന് ഒരു പടയണി കണ്ട പ്രതീതിയിൽ കഥ ഏത് കഥയുടെ പശ്ചാത്തലമേത് എന്നു സന്ദേഹിക്കാം.

‘താം ത തോം തിമിന്തോം’ എന്ന കഥയിൽ ഉൾപ്പെട്ട കഥകൾ ഇങ്ങനെ നിരന്തരം കാണുന്ന, നോക്കാൻ മറന്നുപോയ വസ്തുക്കളുടെ ആദൃശ്യസാന്നിദ്ധ്യത്തെ അനുഭൂതമാക്കുന്നു. പഞ്ചകോലങ്ങൾ പടയണിയിൽനിന്നു കടംകൊണ്ട പിശാച്, പക്ഷി, യക്ഷി, മാടൻ, മറുത എന്നിവയാണെന്നു പറയേണ്ടതില്ലല്ലോ.കോലങ്ങളുമായുള്ള സ്ഥിരപരിചയത്തിലൂടെ ജീവിതവൈരുദ്ധ്യങ്ങളുടെ ഒരു വസ്തുവൽകൃതമാതൃകയായി കഥയിലേക്ക് അവ സംക്രമിച്ചിരിക്കുന്നു. പടയണി അറിയാത്ത ഒരു വ്യക്തിക്ക് ഇങ്ങനെ ഒരു കഥ ചമയ്ക്കുക എളുപ്പമല്ല. പാട്ടുകൾ, ചെല്ലുകൾ, താളങ്ങൾ എല്ലാം വിവിധ ഭാവങ്ങളിൽ വന്നുപോകുമ്പോഴും

പടയണിയുമായി ബന്ധപ്പെട്ട് അനുഷ്ഠാനം എന്ന നിലയിലോ കലയെന്ന അർത്ഥത്തിലോ മുൻപു വ്യവഹരിച്ച ഏതെങ്കിലും ആശയാവലികളെ സ്ഥാപിക്കുവാനുള്ള വ്യഗ്രത എഴുത്താളിനില്ല. ഇങ്ങനെ മമതാബന്ധങ്ങളുടെ ചുരുളഴിച്ച കഥാകാരനെയാണു പഞ്ചകോലങ്ങളിൽ നാം കാണുന്നത്. കഥകൾ ധാരാളമായി പറയാനുണ്ടായിരുന്ന കഥാകാരൻ ‘താം ത തോം തിമിന്തോം’മിൽ എത്തുമ്പോൾ കഥയിൽ കഥതന്നെ ആവശ്യമില്ലാത്ത വിധം ലീലാത്മകമായിത്തീരുന്നു. ചെറുകഥ അതിനെല്ലാമുള്ള സാദ്ധ്യതകൾ മുൻപും തെളിച്ചുകാട്ടിയിട്ടുണ്ട്. എന്നാൽ മലയാളചെറുകഥയിൽ മുൻപൊരിക്കലും പടയണി ഇങ്ങനെ അടയാളപ്പെട്ടിട്ടില്ല. ബി. രവികുമാറിൻ്റെ ഭാഷ എത്തിച്ചേർന്നതിൽവച്ച് ഏറ്റവും വികസ്വരമായ രൂപം ഒരുപക്ഷേ ഇതാകാം.


Related Articles