ആയുസ്സിൻ്റെ മലയിറങ്ങവെ
അയാൾ ഒരിക്കൽ
വിദ്വേഷത്തിൻ്റെ നദിക്കരയിലുമെത്തി.
അത്ഭുതപരതന്ത്രനായി
അതിൻ്റെ ചാരുതയും
വിനീതവിധേയനായി അയാളാസ്വദിച്ചു.
സ്‌നേഹസൗഹൃദങ്ങളുടെ
പ്രണയകാമനകളുടെ
വെള്ളാരംകല്ലുകൾ വെട്ടിത്തിളങ്ങിയിരുന്ന
കൊച്ചുകൊച്ചു വിദ്വേഷങ്ങളുടെ
എത്രയെത്ര അരുവികൾ
ചാടിക്കടന്നാണ്
അടികാണാത്ത വിധം അലറിവിളിക്കുന്ന
ഈ ഹൂങ്കാരസിംഫണിയുടെ ഇരയാവാൻ
അയാളവിടെ എത്തിച്ചേർന്നത്.
ക്ഷീണിതനായി
ഇരുൾക്കാറ്റുകൾ വാരിവിതറിയ
നക്ഷത്രങ്ങളുറ്റുനോക്കിക്കിടന്നയാൾ.
നക്ഷത്രങ്ങൾ
സ്‌നേഹസൗഹൃദങ്ങളുടെ
പ്രണയകാമനകളുടെ
വെള്ളാരംകല്ലുകളെ
ഓർമ്മിപ്പിച്ചു.
ഓർമ്മകളിലുറ്റുനോക്കിക്കിടന്നയാളുടെ
ഒരു പാതിയുറങ്ങിപ്പോയെങ്കിൽ
നിദ്രയിലൊരു സ്വപ്നപേടകത്തിൽ
അയാളുടെ മറുപാതി
വിദ്വേഷത്തിൻ്റെ നദി കടന്നുപോയി.
